മുംബൈ: മുസ്ലിം സ്ത്രീകളെ ലക്ഷ്യമിട്ട് വിദ്വേഷപ്രചാരണത്തിന് ആപ്പ് നിർമ്മിച്ച കേസിലെ മുഖ്യസൂത്രധാരൻ പിടിയിൽ. അസമിൽനിന്നുള്ള 21 കാരനായ എൻജിനീയറിങ് വിദ്യാർഥി നീരജ് ബിഷ്ണോയ് ആണ് അറസ്റ്റിലായത്. ഭോപ്പാലിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ രണ്ടാം വർഷ ബി ടെക് വിദ്യാർത്ഥിയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
”മുഖ്യസൂത്രധാരനും വെബ്സൈറ്റ് നിർമ്മിച്ചയാളുമായ വിദ്യാർഥിയെ ഞങ്ങൾ അറസ്റ്റ് ചെയ്തു. വെബ്സൈറ്റിന്റെ മെയിൻ ട്വിറ്റർ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നതും ഇയാളാണ്. അസമിൽനിന്നാണ് ഇയാള ഞങ്ങളുടെ സംഘം പിടികൂടിയത്. ഇന്നു വൈകീട്ട് 3.30 ഓടെ ഇയാളുമായി ഞങ്ങളുടെ സംഘം ഡൽഹിയിലെത്തും,” ഡിസിപി (സൈബർ സെൽ) കെപിഎസ് മൽഹോത്ര പറഞ്ഞു.
കേസിൽ മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 21-കാരനായ ബി ടെക് വിദ്യാർത്ഥി വിശാൽ ഝാ, ഉത്തരാഖണ്ഡ് സ്വദേശിനിയായ പത്തൊമ്പതുകാരി ശ്വേതാ സിങ്, മായങ്ക് റാവൽ (21) എന്നിവരാണ് പൊലീസ് പിടിയിലായത്. ശ്വേതാ സിങ്ങാണ് കേസിലെ പ്രധാന പ്രതിയെന്ന് പൊലീസ് പറയുന്നു.
തന്റെ ചിത്രങ്ങൾ എഡിറ്റ് ചെയ്ത് ആക്ഷേപകരമായ കമന്റുകൾക്കൊപ്പം പ്രസിദ്ധീകരിച്ചുവെന്ന യുവതിയുടെ പരാതിയിൽ ജനുവരി ഒന്നിനാണ് മുംബൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആപ്പ് നിർമിച്ച വ്യക്തിക്കും അതിലെ ഉള്ളടക്കം പങ്കുവച്ച ട്വിറ്റർ ഹാൻഡിലുകൾക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഗിറ്റ് ഹബിൽ ഹോസ്റ്റ് ചെയ്ത ആപ്പിലാണ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്.
Read More: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന, ഒമിക്രോൺ ബാധിതർ 2500 കടന്നു