ന്യൂയോര്‍ക്ക്: മലയാളിയായ ഗീത ഗോപിനാഥിന് രാജ്യാന്തര നാണയ നിധി (ഐഎംഎഫ്) യില്‍ ചരിത്ര നിയമനം. ഐഎംഎഫിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധയായിട്ടാണ് നിയമനം. ഇതാദ്യമായാണ് ഒരു വനിത ഐഎംഎഫിന്‍റെ ചീഫ് ഇക്കണോമിസ്റ്റ് ആകുന്നത്. പദവി വഹിച്ചിരുന്ന മൗറിസ് ഒബ്‌സറ്റഫെല്‍ഡ് ഡിസംബര്‍ 31ന് വിരമിച്ചതിനെ തുടര്‍ന്നാണ് ഗീത ഗോപിനാഥിനെ നിയമിച്ചത്.

ലോകം ആഗോളവൽക്കരണത്തിൽ നിന്ന് പിൻവാങ്ങുകയാണെന്ന് തോന്നുന്ന സമയത്താണ് ഗീത ഐഎംഎഫിൽ ജോയിൻ ചെയ്യുന്നത്. നിരവധി വെല്ലുവിളികളാണ് ഗീതയ്ക്ക് മുമ്പിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഗീത ഈ അടുത്താണ് രാജിവച്ചത്.

ഒക്ടോബർ ഒന്നിനായിരുന്നു ഗീത ഗോപിനാഥിനെ ഐഎംഎഫിന്‍റെ ചീഫ് ഇക്കണോമിസ്റ്റ് ആയി നിയമിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്‌ധരിൽ ഒരാളാണ് ഗീത ഗോപിനാഥ് എന്നാണ് ഐഎംഎഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റിന്‍ ലഗാര്‍ദെ അവരുടെ നിയമനം അറിയിച്ചുകൊണ്ട് പറഞ്ഞത്. ഐഎംഎഫിന്‍റെ പതിനൊന്നാമത്തെ ചീഫ് ഇക്കണോമിസ്റ്റ് ആയാണ് ഗീത ഗോപിനാഥ് നിയമിതയായത്.

ഡല്‍ഹി ലേഡി ശ്രീറാം കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ഓണേഴ്‌സും ഡല്‍ഹി സ്‌കൂള്‍ ഒഫ് ഇക്കണോമിക്‌സില്‍ നിന്നും വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ നിന്നും എംഎയും പ്രിന്‍സ്റ്റണ്‍ സർവ്വകലാശാലയില്‍ നിന്നു ഡോക്ടറേറ്റും നേടിയ ആളാണ് ഗീത ഗോപിനാഥ്.

കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ ടി.വി.ഗോപിനാഥിന്റെയും വിജയലക്ഷ്മിയുടെയും മകളാണ്. മൈസൂരുവിലാണ് ജനനം. സഹപാഠി ഇഖ്ബാല്‍ ധലിവാളാണ് ഭര്‍ത്താവ്. അമേരിക്കന്‍ പൗരത്വമുള്ള ഗീത ഗോപിനാഥ് ഇപ്പോള്‍ മസാച്ചുസറ്റ്‌സിലാണ് താമസിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ