സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവും ഹാവർഡ് യൂണിവേഴ്സിറ്റി പ്രൊഫസറും മലയാളിയുമായ ഗീതാ ഗോപിനാഥിനെ രാജ്യന്തര നാണയ നിധിയുടെ (​ഐ എം എഫ്) ചീഫ് ഇക്കണോമിസ്റ്റായി നിയമിച്ചു. ഐ എം എഫിന്റെ ചീഫ് ഇക്കണോമിസ്റ്റാകുന്ന രണ്ടാമത്തെ ഇന്ത്യാക്കാരിയും ആദ്യ മലയാളിയുമാണ് ഗീതാ ഗോപിനാഥ്. ആർ ബി ഐ​ മുൻ ഗവർണറായിരുന്ന രഘുറാം രാജനായിരുന്നു ഇതിന് മുമ്പ് ഈ പദവി വഹിച്ചിട്ടുളള ഇന്ത്യാക്കാരൻ. ഡിസംബറിൽ വിരമിക്കുന്ന മൗറൈസ് ഒബ്സ്റ്റ്ഫെൽഡിന് ശേഷമായിരിക്കും ഗീത ചുമതലയേൽക്കുക. ഹാവാർഡ് യൂണിവേഴ്സിറ്റിയിലെ ഇന്റർനാഷണൽ സ്റ്റഡീസ് ആൻഡ് ഇക്കണോമിക്സിൽ പ്രൊഫസറാണ്.

മികച്ച അക്കാദമിക് യോഗ്യതകളുളള ലോകത്തെ പ്രമുഖ ഇക്കണോമിസ്റ്റുകളിൽ ഒരാളാണ് ഗീത, അവരുടെ ബൗദ്ധിക നേതൃത്വത്തിന് മികവുറ്റ ഒരു ട്രാക്ക് റെക്കോർഡും വിശാലമായ രാജ്യന്തര പരിചയവും ഗീതയ്ക്കുണ്ടെന്ന് ഐ​എം എഫ് ചീഫ് ക്രിസ്റ്റൈൻ ലാഗ്രഡേ പറഞ്ഞു. വളരെ നിർണായകമായ ഘട്ടത്തിലാണ് ഗവേഷണ വിഭാഗത്തെ നയിക്കാൻ എത്തുന്നത്. പ്രതിഭയായ ഒരാളുടെ പേര് ചീഫ് ഇക്കണോമിസ്റ്റായി പ്രഖ്യാപിക്കുന്നതിൽ സന്തോഷണുണ്ടെന്നും ഐ എം എഫ് ചീഫ് പറഞ്ഞു.

ഓവർസീസ് ഇന്ത്യൻ പൗരയും യു എസ് പൗരയുമാണ് ഗീതാ ഗോപിനാഥ്. കണ്ണൂർ സ്വദേശിയാണ് ഗീത. കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തികോപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയോഗിച്ചത് ഏറെ വിവാദങ്ങളുയർത്തിയിരുന്നു. ഇടതുപക്ഷ സർക്കാരിന്റെ മുഖ്യമന്ത്രിക്ക് വലതുപക്ഷ ആശയങ്ങളുളള സാമ്പത്തിക ഉപദേഷ്ടാവിനെ നിയോഗിച്ചതാണ് വിവാദത്തിന് വഴിയൊരുക്കിയത്.

പ്രിൻസ്റ്റ​ൺ യൂണിവേഴ്സിറ്റിയിൽ നിന്നും 2001 ലാണ് ഗീതാഗോപിനാഥിന് പി എച്ച് ഡി ബിരുദം ലഭിക്കുന്നത്. ഡൽഹിയൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദമെടുത്തശേഷം ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും എം എ എടുത്തു. 2001 ൽ ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2005ൽ ഹാവാർഡ് യൂണിവേഴ്സിറ്റിയിലേയ്ക്ക് മാറി. 2010ൽ ഹാവാർഡ് യൂണിവേഴ്സിറ്റി പ്രൊഫസറായി.

വിനിമയ നിരക്ക്, ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് , ഇന്റർനാഷണൽ ഫിനാൻഷ്യൽ ക്രൈസിസ്, മോണിറ്ററി പോളിസി, ഡെബ്റ്റ് ആൻഡ് എമർജിങ് ക്രൈസിസ്, എന്നീ വിഷയങ്ങളിൽ​ ഏകദേശം നാൽപതോള ഗവേഷണ ലേഖനങ്ങൾ ഗീതാ ഗോപിനാഥ് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഐ​എം എഫ് ​പ്രസ്താവനയിൽ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook