ജിഎസ്എല്‍വി മാര്‍ക് 3 ഉപയോഗിച്ചുള്ള ഐഎസ്ആർഒയുടെ ആദ്യ വാണിജ്യ വിക്ഷേപണം വിജയകരമായിരിക്കുന്നു. എന്നാൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒരു കൂട്ടം സ്കൂൾ വിദ്യാർത്ഥിനികൾ മറ്റൊരു വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ്. തങ്ങൾ നിർമ്മിച്ച ഒരു ഉപഗ്രഹം ഡിസംബറിൽ ഭ്രമണപഥത്തിലെത്തിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു.
ഓഗസ്റ്റിൽ ഐഎസ്ആർഒ വിക്ഷേപിച്ച സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ-ഡി-1 (എസ്എസ്എൽവി) ലെ രണ്ടു ചെറു ഉപഗ്രഹങ്ങളിൽ ഒന്നായ ആസാദിസാറ്റ് സിമ്രാൻ, തൻവി, ഹരി എന്നിവരുടെ ജീവിതത്തെ മാറ്റിമറിച്ചു. ആസാദിസാറ്റ് വികസിപ്പിച്ച 750 പെൺകുട്ടികളുടെ ടീമിലെ ഭാഗമായിരുന്നു ഇവർ. ഇതും അന്ന് വിക്ഷേപിച്ച മറ്റ് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തുന്നതിൽ പരാജയപ്പെട്ടു. പക്ഷേ, വീണ്ടും ആ ലക്ഷ്യം കൈവരിക്കാൻ ശ്രമിക്കുന്ന പെൺകുട്ടികളെ ആ പരാജയം നിരുത്സാഹപ്പെടുത്തിയില്ല. ഡിസംബറിൽ ഇവരുടെ ഉപഗ്രഹം വീണ്ടും വിക്ഷേപിക്കാനാണ് സാധ്യത.
ഉപഗ്രഹത്തിൽ ഉപയോഗിക്കുന്ന താപനില, ഈർപ്പം, സ്പേഷ്യൽ സെൻസറുകൾ എന്നിവ കോഡ് ചെയ്യുന്നതിൽ മൂന്ന് പെൺകുട്ടികൾ സഹായിച്ചു. അമൃത്സറിൽ നിന്നുള്ള സിമ്രാനെ സംബന്ധിച്ചിടത്തോളം, ബഹിരാകാശ സാങ്കേതിക വിദ്യകളെ കുറിച്ച് പഠിക്കുന്നത് അവൾക്ക് പുതിയ വഴികൾ തുറന്നു കൊടുത്തു.
”എനിക്ക് ഒരു എൻജിനീയർ ആകാൻ ആഗ്രഹമില്ല, കാരണം എനിക്ക് കണക്ക് ഇഷ്ടമല്ല. എനിക്ക് ഡോക്ടറാകണം. എന്നാൽ ഒരു ഡോക്ടർക്ക് ബഹിരാകാശത്ത് എന്ത് ചെയ്യാൻ കഴിയും?,” അവൾ പറഞ്ഞു. ഇന്ത്യ ഉടൻ തന്നെ ബഹിരാകാശ സഞ്ചാരികളെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് അറിഞ്ഞപ്പോൾ അവൾ സന്തോഷിച്ചു. “എനിക്ക് ഒരു ബഹിരാകാശ ഡോക്ടറാകാം,” അവൾ പറഞ്ഞു.
“സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ (ചെന്നൈ ആസ്ഥാനമായുള്ള എയ്‌റോസ്‌പേസ് ഓർഗനൈസേഷൻ) ടീം തുടക്കത്തിൽ ഓൺലൈൻ ക്ലാസുകൾ എടുത്തു, തുടർന്ന് ഞങ്ങളുടെ സാർ എല്ലാം വിശദീകരിച്ചു. ഞങ്ങളെല്ലാവരും ചേർന്ന് ഞങ്ങൾക്ക് അയച്ച ചിപ്പ് കോഡ് ചെയ്തു,” അവൾ പറഞ്ഞു. അമൃത്സറിലെ ഗവൺമെന്റ് ഗേൾസ് സീനിയർ സെക്കൻഡറി സ്‌മാർട്ട് സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാർത്ഥിനിയാണ് സിമ്രാൻ.
ഈ വർഷം ആദ്യം പദ്ധതിയിൽ പ്രവർത്തിച്ചതിന് ശേഷമാണ് അവൾ ബഹിരാകാശത്തെക്കുറിച്ച് കൂടുതൽ അറിയാൻ താൽപര്യം കാണിക്കാൻ തുടങ്ങിയത്. ഇപ്പോൾ ചൊവ്വയിൽ ജീവനുണ്ടോ എന്ന് അറിയാൻ അവൾ ആഗ്രഹിക്കുന്നു.
സിമ്രാന്റെ അച്ഛൻ പ്ലംബറും അമ്മ വീട്ടമ്മയുമാണ്. സിമ്രാൻ ഇപ്പോൾ വലിയ സ്വപ്‌നങ്ങൾ കാണുന്നു. “വിക്ഷേപണത്തിന് പോയപ്പോൾ ഞാൻ ഒരുപാട് ശാസ്ത്രജ്ഞരെ കണ്ടു. വലിയ എന്തെങ്കിലും ചെയ്യാൻ എനിക്ക് കഴിയുമെന്ന് ഇപ്പോൾ എനിക്ക് അറിയാം,” അവൾ പറഞ്ഞു.
തമിഴ്‌നാട്ടിലെ തിരുമംഗലത്തെ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന ഹരി വൈഷ്ണവിയെ തങ്ങൾ കോഡ് ചെയ്ത സെൻസർ അത്ഭുതപ്പെടുത്തി. ബഹിരാകാശ സാങ്കേതിക മേഖലയിൽ പ്രവർത്തിക്കാൻ അവൾ ആഗ്രഹിക്കുന്നു.
സ്‌പേസ്‌കിഡ്‌സ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ 75 സ്‌കൂളുകളില്‍നിന്നുളള 750 വിദ്യാര്‍ത്ഥിനികളാണ് ആസാദിസാറ്റ് വികസിപ്പിച്ചത്. വിദ്യാര്‍ത്ഥിനികളെ ശാസ്ത്ര, സാങ്കേതികമേഖലയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഐഎസ്ആര്‍ഒ സ്റ്റുഡന്റ്‌സാറ്റ് പദ്ധതി വിഭാവനം ചെയ്തത്.
”ഗ്രാമീണ ഇന്ത്യയുടെ പ്രതിച്ഛായ മാറ്റാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പെൺകുട്ടികൾ അവരുടെ വീടുകളിൽ ജോലി ചെയ്യുന്നതിനെക്കുറിച്ചോ കൃഷി ചെയ്യുന്നതിനെക്കുറിച്ചോ ചിന്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങൾ അയയ്ക്കുന്ന കുട്ടികളെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്,” സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ സ്ഥാപകയും സിഇഒയുമായ ഡോ.ശ്രീമതി കേസൻ പറഞ്ഞു.
ഓഗസ്റ്റ് വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാൻ കേസനും അവരുടെ ടീമും ശ്രീഹരിക്കോട്ടയിലേക്ക് പോയി. വിക്ഷേപണം വിജയകരമായില്ലെന്ന് അടുത്ത ദിവസം അറിഞ്ഞിട്ടും അവരുടെ മനോവീര്യം കുറഞ്ഞില്ല.
”അവർ സങ്കടപ്പെട്ടില്ല. നമ്മുടെ തെറ്റുകളിൽ നിന്ന് നമ്മൾ പഠിക്കുമെന്ന് പറഞ്ഞു. രണ്ടാമത്തെ ഉപഗ്രഹത്തിന്റെ ജോലിയിലാണ് ഞങ്ങൾ. എല്ലാ തവണയും വിജയം നേടാൻ കഴിയില്ലെന്ന് എനിക്കറിയാം. ഭൂമിയിൽ സംഭവിക്കുന്ന കാര്യങ്ങൾ നമുക്ക് നിയന്ത്രിക്കാൻ കഴിയും, എന്നാൽ ഒരു ഉപഗ്രഹം ബഹിരാകാശത്ത് എത്തിയാൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല,” ഗുജറാത്തിലെ മെഹ്‌സാനയിലെ ലഡോൾ ഗ്രാമത്തിലെ ശ്രീ ബി എസ് പട്ടേൽ കന്യാ വിദ്യാലയത്തിൽ പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന തൻവി പട്ടേൽ പറഞ്ഞു.