പറ്റ്ന: സ്കൂള്‍ യൂണിഫോമിനു കൊടുക്കാന്‍ കാശില്ലാതിരുന്ന സഹോദരിമാരുടെ വസ്ത്രമുരിഞ്ഞുകൊണ്ട് സ്കൂള്‍ അധികൃതരുടെ ശിക്ഷ.  വ്യായാഴ്ച്ചയാണ് ബീഹാറിലെ ബെഗുസരൈയിലെ ബിആര്‍ എജ്യുക്കേഷന്‍ അക്കാദമിയില്‍ സംഭവം നടന്നത്. ഒന്നാം ക്ലാസിലും നഴ്സറിയിലും പഠിക്കുന്ന കുട്ടികള്‍ക്കാണ് സ്കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നും ക്രൂരമായ നടപടി നേരിടേണ്ടി വന്നത്.

ഏപ്രില്‍ ആദ്യവാരത്തില്‍ സ്കൂള്‍ വിതരണം ചെയ്ത രണ്ടു ജോഡി യൂണിഫോമിനായി 1,600 രൂപയായിരുന്നു സഹോദരിമാര്‍ നല്‍കേണ്ടിയിരുന്നത്. അത് നല്‍കിയില്ലെന്ന് പറഞ്ഞുകൊണ്ട് ക്ലാസ്‌ ടീച്ചര്‍ അഞ്ചനാദേവി അഞ്ചും ആറര വയസ്സുമുള്ള കുട്ടികളുടെ വസ്ത്രം അഴിച്ചുമാറ്റിയെന്നും അടിവസ്ത്രത്തിലാണ് കുട്ടികളെ വീട്ടിലേക്കു മടക്കിയയച്ചത് എന്നുമാണ് ആരോപണം.

സംഭവത്തില്‍ ടീച്ചര്‍ക്കെതിരെ പരാതിപ്പെടുന്നതിനായി ഇരുവരുടേയും പിതാവ് ചുഞ്ചുന്‍ കുമാര്‍ സാവോ സ്കൂളില്‍ ചെന്നിരുന്നു. എന്നാല്‍ പരാതി സ്വീകരിക്കുന്നതിനുപകരം യൂണിഫോമിന്‍റെ പണം അടക്കാന്‍ പറഞ്ഞുകൊണ്ട് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് അനാദി കട നടത്തുന്ന ചുഞ്ചുന്‍ കുമാര്‍ പറയുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് അദ്ദേഹം സ്കൂളിനെതിരെ പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.

” സാമ്പത്തികമായ ബുദ്ധിമുട്ടുകളിലൂടെ പോവുന്നതിനാല്‍ കുറച്ചു സാവകാശം വേണം എന്ന്‍ ഞാന്‍ സ്കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.” അദ്ദേഹം പറഞ്ഞു. ” എന്നാല്‍ ഇപ്പോള്‍ എന്‍റെ മക്കളെ മറ്റേതെങ്കിലും സ്കൂളില്‍ ചേര്‍ക്കണം എന്നാണ് ഞാന്‍ ആലോചിക്കുന്നത്. അവിടെ നടന്ന സംഭവങ്ങള്‍ അവരെ വളരെയധികം വിഷമിപ്പിച്ചിട്ടുണ്ട്. ക്ലാസിലെ മറ്റുകുട്ടികളൊക്കെ അവരെ കളിയാക്കുകയാണ് ഇപ്പോള്‍” ചുഞ്ചുന്‍ കുമാര്‍ പറഞ്ഞു.

” ഞങ്ങള്‍ പരാതിയെഴുതി കിട്ടിയ ഉടനെ തന്നെ സ്കൂളിലേക്ക് ഒരു ഡിഎസ്പിയെ അയച്ചിരുന്നു. വിദ്യാര്‍ഥികളും പരിസരവാസികളുമായി സംസാരിച്ച ശേഷം വിദ്യാര്‍ഥികളുടെ വസ്ത്രമുരിഞ്ഞ സംഭവം സത്യമാണ് എന്നാണ് ഡിഎസ്പി റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുന്നത്. ” ബെഗുസരൈ എസ്.പി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ