ലക്നൗ: “എന്നെ പ്രണയിച്ചിട്ട് മറ്റൊരാളെ വിവാഹം കഴിക്കാനോ? അതിന് ഞാന്‍ ജീവനോടെ ഇരിക്കുമ്പോള്‍ സമ്മതിക്കില്ല”, ഇതും പറഞ്ഞ് കാമുകി അവന്റെ കഴുത്തിന് കുത്തിപ്പിടിച്ച് വിവാഹവേദിയില്‍ നിന്നും വെളിയിലേക്ക് കൊണ്ടുപോയി…! ഇപ്പറഞ്ഞത് ഏതെങ്കിലും ബോളിവുഡ് ചിത്രത്തിലെ രംഗമാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഉത്തര്‍പ്രദേശിലെ ഹമിര്‍പൂരില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവമാണ് വിവരിച്ചത്.

അശോക് യാദവ് എന്ന ചെറുപ്പക്കാരനെയാണ് മുന്‍കാമുകി തോക്കിന്‍മുനയില്‍ നിര്‍ത്തി കടത്തിക്കൊണ്ടു പോയതെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര്‍പ്രദേശിലെ ഒരു ക്ലിനിക്കിലെ ജീവനക്കാരാണ് ഇരുവരും. ഇരുവരും തമ്മിലുള്ള പ്രണയം തഴച്ചുവളരുന്നതിനിടെയാണ് പെട്ടെന്നൊരു ദിനം അശോക് കാമുകിയുമായുള്ള ബന്ധത്തില്‍ നിന്നും പതുക്കെ പിന്‍വലിഞ്ഞത്. ബന്ധുക്കള്‍ കണ്ടെത്തിയ പെണ്‍കുട്ടിയുമൊത്തുള്ള വിവാഹ നിശ്ചയത്തിന് പിന്നാലെയാണ് അശോക് കാമുകിയെ ഒഴിവാക്കിയത്.

സന്ദേശങ്ങള്‍ക്ക് മറുപടി അയക്കാതെയും പേടിപ്പിച്ചും അശോക് കാമുകിയെ അവഗണിച്ചു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച്ച മൗധാഹയില്‍ വെച്ച് വിവാഹ ചടങ്ങുകള്‍ തീരുമാനിച്ചത്. എന്നാല്‍ വിവാഹച്ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് മുന്‍കാമുകി കൈയിലൊരു തോക്കുമായി ഒരുകൂട്ടം പുരുഷന്മാരേയും കൂട്ടി സ്ഥലത്തെത്തിയത്. മുകളില്‍ പറഞ്ഞ അതേ ഡയലോഗും അടിച്ച് സ്തംഭിച്ച് നിന്നവരെ വെറും കാഴ്ച്ചക്കാരാക്കി യുവതി വരനേയും കൊണ്ട് കാറില്‍ കടന്നുകളഞ്ഞു.

എന്നാല്‍ ഇത്രയും ആള്‍ക്കാര്‍ കൂടിനിന്നപ്പോള്‍ ഇത്തരത്തിലൊരു തട്ടിക്കൊണ്ടു പോകല്‍ അസാധ്യമാണെന്ന് മൗധാഹ ഡിസിപി വ്യക്തമാക്കി. ആരു തടയാന്‍ ശ്രമിക്കാത്തതില്‍ സംശമുണ്ട്. വരന്‍ മുന്‍കാമുകിക്കൊപ്പം ഒളിച്ചോടിയതാണെന്ന് സംശയിക്കുന്നതായും ഡിസിപി വ്യക്തമാക്കി. തുടര്‍ന്ന് അശോകിന്റെ സഹോദരനേയും ചില ഫോട്ടോഗ്രാഫര്‍മാരേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ