ഛണ്ഡിഗഡ്: രണ്ടു സ്‌കൂള്‍ ജീവനക്കാര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ട് പ്രധാനമന്ത്രിക്ക് സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ഊമക്കത്ത്. കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് സ്‌കൂള്‍ ജീവനക്കാരായ രണ്ട് പേര്‍ക്കെതിരെ ഹരിയാന പൊലീസ് ബലാത്സംഗത്തിന് കേസെടുത്തു. സോനിപ്പത്ത് ജില്ലയിലെ സ്വകാര്യ സ്‌കൂളിലെ ജീവനക്കാര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ബസ് ജീവനക്കാര്‍ ഇരുവരും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തെന്നും ഹോട്ടലിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടു പോയെന്നും ചൂണ്ടിക്കാണിച്ചാണ് പെണ്‍കുട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഇതേകുറിച്ച് താന്‍ സ്‌കൂള്‍ അധികൃതരോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും പെണ്‍കുട്ടി കത്തില്‍ ആരോപിക്കുന്നു.

വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഹരിയാന പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

ഇനിയും വിഷയത്തില്‍ നടപടിയൊന്നും ഉണ്ടായില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും പെണ്‍കുട്ടി കത്തില്‍ പറഞ്ഞിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെയാണ് കേസ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.

കുറ്റാരോപിതരായ ബസ് ജീവനക്കാരെയും അധ്യാപകരെയും ഡയറക്ടറെയും കേസന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ പൊലീസ് ചോദ്യം ചെയ്തു. ഊമക്കത്തായതിനാല്‍ തന്നെ ബലാത്സംഗത്തെ അതിജീവിച്ച പെണ്‍കുട്ടിയെ തിരിച്ചറിയേണ്ടതുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കേസിന്റെ തുടരന്വേഷണത്തിന് പെണ്‍കുട്ടി മുന്നോട്ടു വരണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ