ഭുവനേശ്വർ: ഒഡീഷയിൽ ആറു വയസുകാരിയെ ബലാൽസംഗം ചെയ്തു. ബിസ്ക്കറ്റ് വാങ്ങിക്കാൻ പോയ പെൺകുട്ടിയെ ബലാൽസംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ 25 കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വീട്ടിൽനിന്നും ബിസ്ക്കറ്റ് വാങ്ങിക്കാൻ പോയതായിരുന്നു പെൺകുട്ടി. ഏറെ നേരം കഴിഞ്ഞിട്ടും പെൺകുട്ടി മടങ്ങി വരാതിരുന്നതോടെ കുടുംബം പരിഭ്രാന്തരായി. കുടുംബാംഗങ്ങളും ഗ്രാമവാസികളും ചേർന്ന് പെൺകുട്ടിയെ തിരഞ്ഞു. ഒരു മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ ഗ്രാമത്തിലെ സ്കൂൾ പരിസരത്ത് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തി. വിവസ്ത്രയായും തലയിൽനിന്നും വായിൽനിന്നും രക്തം ഒഴുകിയ നിലയിലായിരുന്നു പെൺകുട്ടി.

പെൺകുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിച്ചു. പിന്നീട് കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പെൺകുട്ടിയുടെ തലയിലും മുഖത്തും കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും ആഴത്തിലുളള മുറിവേറ്റതായി ഡോക്ടർമാർ പറഞ്ഞു. പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്.

പെൺകുട്ടിയെ ബലാൽസംഗം ചെയ്ത യുവാവിനെ ഗ്രാമത്തിൽനിന്നും പിടികൂടി. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസെടുത്തതായി പൊലീസ് വ്യക്തമാക്കി. ബലാൽസംഗത്തിനുശേഷം കുട്ടി മരിച്ചുവെന്നു കരുതി പ്രതി ഉപേക്ഷിച്ചതാകാമെന്നും പൊലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ