റിവാരി: പത്താം ക്ലാസ് വരെയുളള സ്കൂളിനെ ഹയർ സെക്കൻഡറിയാക്കി ഉയർത്തുക എന്ന ആവശ്യം ഉന്നയിച്ച് സ്കൂൾ വിദ്യാർഥിനികൾ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. തങ്ങളുടെ ആവശ്യം ഹരിയാന സർക്കാർ അംഗീകരിച്ചതോടെയാണ് വിദ്യാർഥിനികൾ സമരം അവസാനിപ്പിച്ചത്. സ്കൂളിനെ ഹയർ സെക്കൻഡറിയാക്കി ഉയർത്തിക്കൊണ്ടുളള വിജ്ഞാപനം സർക്കാർ പുറത്തിറക്കി. കഴിഞ്ഞ 8 ദിവസമായി ഹരിയാനയിലെ സർക്കാർ സ്കൂൾ കവാടത്തിനു മുൻപിൽ നിരാഹാര സമരം നടത്തുകയായിരുന്നു വിദ്യാർഥിനികൾ.

ഹരിയാന റിവാരിയിലെ ഗോത്‌ര താപ്പ ദാഹിന എന്ന ഗ്രാമത്തിൽ ഒരേയൊരു സർക്കാർ സ്കൂളാണുളളത്. ഇവിടെ പത്താം ക്ലാസ് വരെയുളളൂ. തുടർ വിദ്യാഭ്യാസത്തിനായി അടുത്ത ഗ്രാമത്തിൽ പോകണം. എന്നാൽ അടുത്ത ഗ്രാമത്തിലെ സ്കൂളിലേക്കുളള യാത്രാമധ്യേ പൂവാലന്മാരുടെ ശല്യം ഉൾപ്പെടെയുളളവ വിദ്യാർഥിനികൾക്ക് നേരിടേണ്ടി വരുന്നു. ഇതേത്തുടർന്ന് പല കുട്ടികളും പഠനം ഉപേക്ഷിച്ചു.

എന്നാൽ പഠിക്കണമെന്ന തങ്ങളുടെ ആഗ്രഹം ഉപേക്ഷിക്കാൻ ചില വിദ്യാർഥിനികൾ തയാറായില്ല. അങ്ങനെ ഒൻപതാം ക്ലാസ്സിലും 10-ാം ക്ലാസ്സിലും പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ സമരവുമായി രംഗത്തിറങ്ങി. തങ്ങളുടെ സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറിയാക്കി ഉയര്‍ത്തണമെന്നത് മാത്രമായിരുന്നു ഇവരുടെ ആവശ്യം. ആദ്യം സർക്കാർ വിദ്യാർഥിനികളുടെ സമരത്തെ കാര്യമാക്കിയില്ല. എന്നാൽ സമരം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ വിദ്യാർഥിനികളുട നിശ്ചയദാർഢ്യത്തിനു മുന്നിൽ സർക്കാരും മുട്ടുമടക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ