പാട്യാല (പഞ്ചാബ്): മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച കോളേജ് അധ്യാപകന് വിദ്യാർത്ഥിനികളുടെ മർദനം. പഞ്ചാബ് പാട്യാലയിലെ സർക്കാർ കോളേജിലെ അധ്യാപകനെയാണ് വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് കൈകാര്യം ചെയ്തത്. വിദ്യാർത്ഥിനികൾ അധ്യാപകനെ മർദിക്കുന്ന വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്.

അധ്യാപകനെ രണ്ടു വിദ്യാർത്ഥിനികൾ ചേർന്ന് പിടിച്ചു കൊണ്ടു പോകുന്നതും മർദിക്കുന്നതും വീഡിയോയിലുണ്ട്. മറ്റൊരു പെൺകുട്ടി ഇത് മൊബൈലിൽ ഷൂട്ട് ചെയ്യുന്നതും വീഡിയോയിൽ കാണാം.

വിദ്യാർത്ഥിനികളോട് അധ്യാപകൻ മോശമായി പെരുമാറുന്നത് ഇതാദ്യമല്ല. ഈ വർഷമാദ്യം ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിരവധി വിദ്യാർത്ഥിനികളെ അധ്യാപകൻ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു. അധ്യാപകനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തി.

അധ്യാപകനെ സസ്‌പെൻഡ് ചെയ്യണമെന്നും സർവകലാശാലയ്ക്ക് അകത്ത് പ്രവേശിക്കുന്നത് തടയണമെന്നുമായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. ഒടുവിൽ അധ്യാപകനായ അതുൽ ജോഹ്‌റിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook