മുംബൈ: ഐപിഎല്‍ മത്സരത്തിനിടെ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച്ച മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ഡെയര്‍ ഡെവിള്‍സും തമ്മിലുളള മത്സരത്തിനിടെ വാങ്കഡെ സ്റ്റേഡിയത്തിലാണ് സംഭവം. ഗെന്ദ്‍രാജ് ദാദുലാല്‍ സത്‍നമി (26) എന്നയാളെ പൊലീസ് ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു. മത്സരം കാണുന്നതിനിടെ പ്രതി തന്നെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് യുവതി പരാതിപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മത്സരം വീക്ഷിക്കുകയായിരുന്ന കാണികള്‍ ഇയാളെ പിടിച്ചു വെച്ചു.

തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി സ്റ്റേഡിയത്തില്‍ വെളളം വില്‍പ്പന നടത്തുന്നയാളാണെന്നാണ് വിവരം. ഇയാള്‍ക്കെതിരെ മറൈന്‍ ഡ്രൈവ് പൊലീസ് ഐപിസി 354 പ്രകാരം കേസെടുത്തു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പീഡന വാര്‍ത്തകള്‍ വ്യാപകമായി പുറത്തുവരുന്നതിനിടെയാണ് പുതിയ സംഭവവും നടന്നത്.

ഉത്തര്‍പ്രദേശില്‍ നിന്ന് മാത്രമായി നിരവധി ലൈംഗികപീഡന വാര്‍ത്തകളാണ് ദിനംപ്രതി വരുന്നത്. ഉന്നാവോ പീഡനക്കേസില്‍ ബിജെപി എംഎല്‍എ ക്കെതിരെ ആരോപണം ഉയര്‍ന്നതും പീഡന ഇരയുടെ പിതാവിന്റെ ദുരൂഹമായ മരണവും രാജ്യത്ത് പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പരാതി ലഭിച്ചിട്ടും എംഎല്‍എക്കെതിരെ പൊലീസ് നടപടി എടുക്കാന്‍ മടി കാണിച്ചത് വന്‍ വിവാദമാവുകയും ചെയ്തു. ഇതിന് പിന്നാലെ എംഎല്‍എയെ അറസ്റ്റ് ചെയ്തു. ഇതിനിടയിലാണ് കശ്മീരിലെ കത്തുവയില്‍ എട്ടു വയസുകാരി കൊല്ലപ്പെട്ട കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

കുറ്റപത്രമ സമര്‍പ്പിക്കാന്‍ പോയ അന്വേഷണ സംഘത്തെ അഭിഭാഷകക്കൂട്ടം തടഞ്ഞതും വിവാദമായി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയും പൊലീസ് ഉദ്യോഗസ്ഥന്‍ അടങ്ങുന്ന സംഘമായിരുന്നുവെന്നായിരുന്നു കുറ്റപത്രത്തിലെ വിവരം. കൂടാതെ കുട്ടിയെ ബലാത്സംഗം ചെയ്ത് ബന്ദിയാക്കി വെച്ചത് ക്ഷേത്രത്തിലാണെന്നും പൊലീസ് കണ്ടെത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ