ജയ്പൂര്‍: രാജസ്ഥാനിലെ സ്‌കൂളില്‍ അധ്യാപകരും സ്‌കൂള്‍ ഉടമസ്ഥനും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി അബോര്‍ഷന് വിധേയയാകുകയും അബോര്‍ഷനിടെ തലച്ചോറിന് തകരാറ് സംഭവിക്കുകയും ചെയ്തു.

അധ്യാപകനായ ജഗത് ഗുജ്ജാര്‍, സ്‌കൂള്‍ ഡയറക്ടര്‍ ജഗദീഷ് യാദവ് എന്നിവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് മുതിര്‍ന്ന പൊലീസ് ഓഫീസര്‍ വിനീത്കുമാര്‍ പറഞ്ഞു.

പ്ലസ്ടു വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ ക്ലാസ് സമയത്തിനു ശേഷവും അധിക സമയം ക്ലാസുണ്ടെന്ന് പറഞ്ഞ് പിടിച്ചു നിര്‍ത്തുകയും നിരവധി തവണ ഇരുവരും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ അശാസ്ത്രീയമായ അബോര്‍ഷന് ഇരുവരും പെണ്‍കുട്ടിയെ വിധേയമാക്കി.

പെണ്‍കുട്ടി പീഡനത്തെക്കുറിച്ച് വീട്ടില്‍ പറഞ്ഞിരുന്നില്ലെന്നും അവസ്ഥ കൂടുതല്‍ മോശമായതോടെ വീട്ടുകാര്‍ കുട്ടിയെ ഞായറാഴ്ച രാത്രി ജയ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബോര്‍ഷന്‍ സമയത്ത് പെണ്‍കുട്ടി രണ്ടു തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ടെന്നും ശരിയായ രീതിയിലുള്ള ചികിത്സ ലഭിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

മറ്റുകുട്ടികളാരെങ്കിലും ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നതിനാല്‍ ഇതുവരെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook