ജോധ്പൂര്‍: ആരെയും ഞെട്ടിക്കുന്ന വീഡിയോയാണ് രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്നിരിക്കുന്നത്. രണ്ട്‌പേര്‍ ചേര്‍ന്ന് അമ്മയെ മര്‍ദ്ദിച്ചവശയാക്കി മകളെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് രണ്ട് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംഭവത്തിന് പിന്നിലെ കാരണങ്ങളും വെളിച്ചത്തു വന്നു.

അഹമ്മദ് ഖാന്‍ എന്ന വ്യക്തി തന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ഷൗക്കത്ത് എന്നയാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കുകയായിരുന്നു. എന്നാല്‍ പതിനെട്ട് വയസ്സ് തികയാത്ത മകളെ വിവാഹം കഴിപ്പിക്കാന്‍ അഹമ്മദ് ഖാന്റെ ഭാര്യ നേമത്തിന് താല്‍പര്യമില്ലായിരുന്നു. പക്ഷെ ഇവരുടെ എതിര്‍പ്പിനെ അവഗണിച്ച് അഹമ്മദ് വിവാഹം നടത്തി. പക്ഷേ നേമത്ത് മകളെ ഷൗക്കത്തിനൊപ്പം അയക്കില്ലെന്ന വാശിയില്‍ ഉറച്ചു നിന്നു.

ഇതേത്തുടര്‍ന്ന് പിന്നീട് ഗ്രാമത്തിലെത്തിയ ഷൗക്കത്തും സുഹൃത്ത് ഇലിയാസും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ കൊണ്ടു പോവുകയായിരുന്നു. തടയാന്‍ ശ്രമിക്കുന്ന നേമത്തിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ അമ്മയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം പെണ്‍കുട്ടിയെ ഇവര്‍ ട്രാക്ടറില്‍ കൊണ്ടു പോവുകയായിരുന്നു. ഷൗക്കത്തിനെയും സുഹൃത്തിനെയും കണ്ട് ഭയന്ന പെണ്‍കുട്ടി ഓടി മാറാന്‍ ശ്രമിക്കുന്നതും എന്നാല്‍ അമ്മയെ മര്‍ദ്ദിക്കുന്നത് കണ്ട് നിസ്സഹായയായി നില്‍ക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

കഴിഞ്ഞയാഴ്ച വീഡിയോ പുറത്ത് വന്നതിനെ തുടർന്ന് ഷൗക്കത്തിനേയും സുഹൃത്ത് ഇലിയാസിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ