ന്യൂഡൽഹി: ആധാറില്ലെന്ന കാരണത്താൽ ഒൻപതു വയസ്സുകാരിക്ക് ഡൽഹിയിലെ സർക്കാർ ആശുപത്രി ചികിത്സ നിഷേധിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ വിഷയത്തിൽ ഇടപെടുകയും പെൺകുട്ടിയെ സാഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പെൺകുട്ടിക്ക് ചികിത്സ നിഷേധിച്ചതിനെക്കുറിച്ച് ഡൽഹി ബിജെപി പ്രസിഡന്റ് മനോജ് തിവാരിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

”കേജ‌രിവാൾ ജി രാജ്യ തലസ്ഥാനത്തെ എന്തിനാണ് താങ്കൾ വിഭജിക്കുന്നത്? ജെ.പി.നഡ്ഡ ജി ഈ പെൺകുട്ടിക്ക് ചികിത്സ ലഭിച്ചില്ലെങ്കിൽ ഈ നവരാത്രിയിൽ മറ്റെന്ത് നല്ല കാര്യമാണ് സംഭവിക്കാൻ പോകുന്നത്,” ഇതായിരുന്നു മനോജ് തിവാരിയുടെ ട്വീറ്റ്. കേന്ദ്ര ആരോഗ്യമന്ത്രിയെ ബിജെപി പ്രസിഡന്റ് ടാഗ് ചെയ്യുകയും ചെയ്തു.

ഏതാനും മണിക്കൂറുകൾക്കുശേഷം പെൺകുട്ടിയെ സാഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അറിയിച്ചുകൊണ്ടുളള നഡ്ഡയുടെ ട്വീറ്റ് പുറത്തുവന്നു. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പെൺകുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ ഡോക്ടർമാർക്ക് ആശങ്കയുണ്ടെന്നും അവളുടെ ആരോഗ്യത്തിനായി ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നുമായിരുന്നു നഡ്ഡയുടെ ട്വീറ്റ്.

പെൺകുട്ടിയുടെ ആരോഗ്യനില മോശമാണെന്നും വിദഗ്‌ധ ചികിത്സയ്ക്കായി കേന്ദ്രസർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശം നൽകിയതായി സാഫ്ദർജങ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook