ചെന്നൈ: നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. തമിഴ് നാട് വില്ലുപുരം സ്വദേശിയായ പ്രതിഭ എന്ന 17 കാരിയാണ് ആത്മഹത്യ ചെയ്തത്. വിഷം ഉള്ളില്‍ ചെന്നായിരുന്നു മരണം.
മെഡിക്കല്‍-ഡെന്റല്‍ കോഴ്സുകളിലേക്ക് നടത്തുന്ന യോഗ്യത പരീക്ഷയായ നീറ്റിനായി ഇത് രണ്ടാം തവണയാണ് പ്രതിഭ ശ്രമിച്ചത്. രണ്ടാം വട്ടവും പരാജയപ്പെട്ടതിനെത്തുടര്‍ന്നുളള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഷണ്‍മുഖോത്തമിന്റെയും അമുതയയുടെയും മകളായ പ്രതിഭയ്ക്ക് ജൂനിയര്‍ സ്‌കൂള്‍ എക്സാമുകളിലെല്ലാം മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. കര്‍ഷകനാണ് പിതാവ് ഷണ്‍മുഖന്‍. ഡോക്ടറാവുകയായിരുന്നു തന്റെ മകളുടെ ഏറ്റവും വലിയ ആഗ്രഹമെന്ന് ഷണ്‍മുഖന്‍ പറയുന്നു.
ഇന്നലെയാണ് നീറ്റ് ഫലം പുറത്ത് വന്നത്. പരീക്ഷാഫലം അറിഞ്ഞതോടെ പ്രതിഭ അസ്വസ്ഥയായിരുന്നു. ഇതേത്തുടര്‍ന്നാണ് വീട്ടിലുണ്ടായിരുന്ന എലിവിഷം കഴിച്ച് പ്രതിഭ ആത്മഹത്യ ചെയ്തത്. പ്രതിഭയെ ഉടന്‍ തന്നെ തിരുനെല്‍വേലിക്ക് സമീപമുളള ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
കഴിഞ്ഞ വര്‍ഷമാണ് നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അരിയല്ലൂര്‍ സ്വദേശിയായ അനിത ആത്മഹത്യ ചെയ്തത്. ബോര്‍ഡ് എക്സാമുകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥി കൂടിയായിരുന്നു അനിത.