ഹൈദരാബാദ്: സ്‌കൂളില്‍ യൂണിഫോം ധരിക്കാതെ എത്തിയതിന് ശിക്ഷയായി പതിനൊന്നുകാരിയെ ആണ്‍കുട്ടികളുടെ ശൗചാലയത്തില്‍ അയച്ചതായി റിപ്പോര്‍ട്ട്. ഹൈദരാബാദിലെ ഒരു സ്വകാര്യ വിദ്യാലയത്തിലാണ് സംഭവം നടന്നത്.
യൂണിഫോം ധരിക്കാതെ സ്‌കൂളിലെത്തിയ തന്നെ അധ്യാപകര്‍ ചേര്‍ന്ന് ശിക്ഷിക്കുകയായിരുന്നെന്ന് വിശദീകരിച്ചുകൊണ്ടുള്ള വിദ്യാര്‍ഥിനിയുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പൊതുശ്രദ്ധയിലെത്തുന്നത്. യൂണിഫോം ധരിക്കാത്തതിന് മൂന്ന് അധ്യാപകര്‍ ചേര്‍ന്ന് വഴക്കുപറയുകയും അടിക്കുകയും ചെയ്തതായും തുടര്‍ന്ന് ആണ്‍കുട്ടികളുടെ ശൗചാലയത്തില്‍ നിര്‍ബന്ധിച്ച് പറഞ്ഞയച്ചുവെന്നും വിദ്യാര്‍ഥിനി പറയുന്നു. മറ്റു വിദ്യാര്‍ഥികളുടെ മുന്നില്‍വെച്ചായിരുന്നു ഇത്.
അലക്കിയിട്ട യൂണിഫോം ഉണങ്ങിയിരുന്നില്ലെന്നും അതുകൊണ്ടാണ് സാധാരണ വസ്ത്രം ധരിച്ചതെന്നും ഇക്കാര്യം സ്‌കൂള്‍ ഡയറിയില്‍ മാതാവ് എഴുതി നല്‍കിയിരുന്നതായും വിദ്യാര്‍ഥിനി വീഡിയോയില്‍ പറയുന്നു. ഇക്കാര്യം പറഞ്ഞെങ്കിലും അധ്യാപകര്‍ ആരും ഡയറി പരിശോധിക്കാന്‍ തയ്യാറായില്ല. സംഭവത്തിനു ശേഷം ഭയം മൂലം വിദ്യാര്‍ഥിനി സ്‌കൂളിലേയ്ക്ക് പോകാന്‍ തയ്യാറാകുന്നില്ല.
സംഭവം വിവാദമായതിനെ തുടര്‍ന്ന് അധ്യാപകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി. പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്ന് ബാലാവകാശ പ്രവര്‍ത്തകന്‍ അച്യുത റാവു പറഞ്ഞു.