/indian-express-malayalam/media/media_files/2026/02/01/gig-workers-survey-report-2026-02-01-15-30-30.jpg)
ജോലിക്കിടയിൽ റോഡപകടങ്ങളിൽ നിന്ന് തലനാരിഴയ്ക്ക് തങ്ങൾ രക്ഷപ്പെട്ടതായി 62 ശതമാനം ഗിഗ് തൊഴിലാളികൾ
Gig workers survey: ഇന്ത്യയിലെ ഗിഗ് തൊഴിലാളികൾ നേരിടുന്ന ഗുരുതര പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടി സർവേ റിപ്പോർട്ട്. നാലിൽ ഒരാൾ എന്ന കണക്കിന് 'ഗിഗ് തൊഴിലാളികൾ'(ഇകൊമേഴ്സ് ഡെലിവറി ഏജന്റ്സ്) ആഴ്ചയിൽ 70 മണിക്കൂറിലധികം ജോലി ചെയ്യുന്നുണ്ടെന്നാണ് ഒരു സർവേയിൽ കണ്ടെത്തിയത്. സർവേ പ്രകാരം 57 ശതമാനം ഗിഗ് തൊഴിലാളികളും ആഴ്ചയിൽ 49 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നവരാണ്.
കഴിഞ്ഞ ക്രിസ്മസ്, പുതുവത്സര തലേന്നുകളിൽ ഗിഗ് തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നടന്നിരുന്നു. ഈ പണിമുടക്കിനെ തുടർന്ന് തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങളെയും വരുമാനത്തെയും കുറിച്ചുള്ള ചർച്ചകൾ സജീവമായ പശ്ചാത്തലത്തിലാണ് ഈ സർവേ പുറത്തുവരുന്നത്. ഗിഗ് തൊഴിലാളികളുടെ പണിമുടക്കിന് പിന്നാലെ, തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി 10 മിനിറ്റിനുള്ളിൽ സാധനങ്ങൾ എത്തിച്ചുനൽകുമെന്ന തരത്തിലുള്ള പരസ്യങ്ങൾ നിർത്തലാക്കാൻ ക്വിക്ക് കൊമേഴ്‌സ് കമ്പനികളോട് കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു.
ജനപഹൽ, ഗിഗ് വർക്കേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ വെള്ളിയാഴ്ച കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് സർവേ ഫലങ്ങൾ പുറത്തുവിട്ടത്. ഇതിന്റെ ഭാഗമായി 'സ്വീഗാറ്റോ' എന്ന സിനിമയുടെ പ്രദർശനവും തുടർന്ന് ഗിഗ് ഇക്കോണമിയെക്കുറിച്ച് പാനൽ ചർച്ചയും നടന്നു. ആർ.ജെ.ഡി എം.പി മനോജ് ഝാ, ചലച്ചിത്ര പ്രവർത്തക നന്ദിത ദാസ്, ഗിഗ് തൊഴിലാളികളായ പൂജ, മുഹമ്മദ് ഇർഫാൻ, ഭൂപേന്ദ്ര നാരായൺ ഭൂപേഷ്, ശിവ് പ്രജാപതി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മാധ്യമപ്രവർത്തകൻ സിദ്ധാർത്ഥ് വരദരാജനായിരുന്നു ചർച്ച നിയന്ത്രിച്ചത്.
/filters:format(webp)/indian-express-malayalam/media/media_files/2026/02/01/gig-workers-problems-survey-report-2026-02-01-17-39-50.jpg)
സമൂഹത്തിലെ ജാതി വർഗ വ്യവസ്ഥകളുടെ ഉദാഹരണം
"തൊഴിലാളികളുമായി അർഥവത്തായ ചർച്ചകൾ നടത്തുന്നതിന് പകരം ആപ്പ് വഴിയുള്ള സസ്പെൻഷനുകൾ, അൽഗോരിതമിക് ഫൈനുകൾ ഭീഷണിപ്പെടുത്തലുകൾ എന്നിവയിലൂടെ അവരുടെ ശബ്ദം അടിച്ചമർത്താനാണ് പ്ലാറ്റ്‌ഫോം കമ്പനികൾ ശ്രമിക്കുന്നത്," മനോജ് ഝാ പറഞ്ഞു.
Also Read: When I signed up to make deliveries on Zomato, Blinkit and Swiggy for a day
"ഗിഗ് തൊഴിലാളികളെ 'പാർട്ണർമാർ' എന്ന് വിളിക്കുന്ന രീതി നമ്മുടെ സമൂഹത്തിലെ ജാതി വർഗ വ്യവസ്ഥകളുടെ ഉദാഹരണമാണ്. വീട്ടുജോലിക്കാരെ 'ആന്റി' എന്ന് വിളിക്കാൻ കുട്ടികളോട് പറയുന്ന രീതിക്ക് സമാനമാണിത്. സമൂഹത്തിലെ പല വിവേചനങ്ങളെയും മറച്ചുവെക്കാനുള്ള ശ്രമമാണ് ഇത്തരം വിളികൾ," മനോജ് ഝാ കൂട്ടിച്ചേർത്തു.
ജോലിക്കിടയിൽ റോഡപകടങ്ങളിൽ നിന്ന് തലനാരിഴയ്ക്ക് തങ്ങൾ രക്ഷപ്പെട്ടതായി 62 ശതമാനം ഗിഗ് തൊഴിലാളികൾ സർവേയിൽ വ്യക്തമാക്കി. 27 ശതമാനം പേർ ജോലിക്കിടെ തങ്ങൾക്ക് റോഡപകടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട് ചെയ്തു. ഈ പ്ലാറ്റ്‌ഫോമുകളിൽ ജോലി ചെയ്യുന്നതിനിടയിൽ തങ്ങൾ പീഡനത്തിനോ ആക്രമണത്തിനോ ഇരയായതായി ഏകദേശം 34 ശതമാനം പേർ സർവേയിൽ പറഞ്ഞു. റോഡപകടങ്ങൾക്ക് പുറമെ ഈ തൊഴിലാളികൾ നേരിടുന്ന സുരക്ഷാ ഭീഷണികളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
Also Read:റെയിൽവേയ്ക്ക് റെക്കോർഡ് വിഹിതം: 2.93 ലക്ഷം കോടി രൂപയുടെ ബജറ്റ് വിഹിതം പ്രഖ്യാപിച്ച് കേന്ദ്രം
സർവേയിൽ പങ്കെടുത്ത തൊഴിലാളികളിൽ 44 ശതമാനം പേർ വെളിപ്പെടുത്തിയത് ഇവർക്ക് അപകട ഇൻഷൂറൻസ് ഇല്ല എന്നാണ്. 62 ശതമാനം തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷയും ഇല്ല. 60 ശതമാനം ഗിഗ് തൊഴിലാളികൾക്കും ഇവർ ജോലി ചെയ്യുന്ന പ്ലാറ്റ്ഫോമുകളിൽ നിന്ന് സുരക്ഷാ പരിശീലനം ലഭിച്ചിട്ടില്ല. പ്ലാറ്റ്ഫോമിന്റെ സുരക്ഷാ റിപ്പോർട്ടിങ് സിസ്റ്റത്തിൽ തങ്ങൾക്ക് വിശ്വാസം ഇല്ലെന്ന് 56 ശതമാനം തൊഴിലാളികൾ സർവേയിൽ വെളിപ്പെടുത്തി.
സർവേയുടെ ഭാഗമായ തൊഴിലാളികളിൽ 84 ശതമാനം പേർക്കും കൊടും ചൂട് നിറഞ്ഞ സാഹചര്യത്തിൽ ജോലി ചെയ്യേണ്ടി വന്നതായി പറയുന്നു. ചൂടിനെ അതിജീവിക്കാൻ പാകത്തിൽ ഒരു സംരക്ഷണവും പ്ലാറ്റ്ഫോമുകൾ തൊഴിലാളികൾക്കായി ഒരുക്കുന്നില്ല. ഡൽഹി, മുംബൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, ഭോപ്പാൽ, ആഗ്ര, ലക്നൗ, ജയ്പൂർ, പാട് എന്നിങ്ങനെ 10 നഗരങ്ങളിലെ ആയിരത്തോളം പ്ലാറ്റ്ഫോം തൊഴിലാളികളുടെ പ്രതികരണം രേഖപ്പെടുത്തിയാണ് ഈ സർവേ നടത്തിയത്.
തൊഴിലാളികളെ നാല് വിഭാഗങ്ങളിലായി തിരിച്ചായിരുന്നു സർവേ. ഫുഡ് ഗ്രോസറി കൊമേഴ്സ് ഡെലിവറി, ക്വിക്ക് കൊമേഴ്സ് ഡെലിവറി, റൈഡ് ഹെയ്ലിങ്, ഹൗസ്ഹോൾഡ് ആൻഡ് പേഴ്സണൽ വർക്ക്. തൊഴിലാളികളുമായി അഭിമുഖം നടത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്.
Read Budget:വികസിത് ഭാരത് ലക്ഷ്യം; 2026 കേന്ദ്ര ബജറ്റിലെ 20 പ്രധാന പ്രഖ്യാപനങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us