ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനമായി ലഭിച്ച സാധനങ്ങള്‍ ഇന്ന് മുതല്‍ ലേലത്തില്‍ വയ്ക്കും. വസ്തുക്കള്‍ ലേലത്തിലെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇതൊരു സുവര്‍ണാവസരമാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാന വസ്തുക്കളാണ് ഇന്ന് മുതല്‍ ലേലത്തിന് വയ്ക്കുക. ഓണ്‍ലൈന്‍ വഴിയായിരിക്കും ലേലം.

Read Also: തൃശൂരില്‍ ഇന്ന് പുലിക്കളി; സ്വരാജ് റൗണ്ടില്‍ താളം ചവിട്ടുക 300 ലേറെ പുലികള്‍

ലേലത്തില്‍ ലഭിക്കുന്ന തുക മുഴുവന്‍ ഗംഗ പുനരുജ്ജീവന പദ്ധതിക്കായാണ് ഉപയോഗിക്കുക. കേന്ദ്ര സംസ്‌കാരിക വകുപ്പ് മന്ത്രി പ്രഹ്ലാദ് സിങ് ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു. 2,772 വസ്തുക്കളാണ് ലേലത്തിന് ഉള്ളത്. നരേന്ദ്ര മോദിക്ക് സമ്മാനമായി ലഭിച്ച തലപ്പാവുകള്‍, കരകൗശല വസ്തുക്കള്‍, ഷോളുകള്‍, പശുക്കളുടെ പ്രതിമകള്‍, മതപരമായ വസ്തുക്കള്‍ എന്നിവയെല്ലാമാണ് ലേലത്തിനുള്ളത്.

Read Also: നിത അംബാനിക്കും മക്കള്‍ക്കും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു

ന്യൂഡല്‍ഹിയിലെ മോഡേണ്‍ ആര്‍ട്ട് നാഷണല്‍ ഗ്യാലറിയിലാണ് ഇപ്പോള്‍ വസ്തുക്കളെല്ലാം ഉള്ളത്. ഒരു മാസത്തോളം ലേലം നടക്കാനാണ് സാധ്യത. ഓരോ 15 ദിവസം കഴിയും തോറും ആര്‍ട്ട് ഗാലറിയിലുള്ള സമ്മാനങ്ങള്‍ മാറ്റും. 200 രൂപ മുതല്‍ മൂല്യമുള്ള വസ്തുക്കളാണ് ലേലത്തില്‍ വച്ചിട്ടുള്ളത്. ലേല വസ്തുക്കളില്‍ രണ്ടര ലക്ഷം രൂപ വരെ വില പിടിപ്പുള്ളതുമുണ്ട്. സില്‍ക് തുണിയില്‍ നരേന്ദ്ര മോദിയുടെ മുഖം വരച്ചതിനു രണ്ടര ലക്ഷം രൂപയാണ് അടിസ്ഥാന വില.

ഇത് രണ്ടാം തവണയാണ് നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തില്‍ വയ്ക്കുന്നത്. ജനുവരി 27 മുതല്‍ ഫെബ്രുവരി ഒന്‍പത് വരെയാണ് ആദ്യ ലേലം നടന്നത്. നരേന്ദ്ര മോദി വിവിധ പരിപാടികള്‍ക്ക് പോകുമ്പോള്‍ ലഭിക്കുന്ന സമ്മാനങ്ങളാണ് കൂടുതലും. അയല്‍ രാജ്യങ്ങളില്‍ നിന്നടക്കം ലഭിച്ച വസ്തുക്കളും ലേലത്തിനുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook