കശ്മീർ: ജമ്മു കശ്മീരിൽ മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി പട്ടേൽ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഗുലാം നബിക്ക് ഒപ്പമുണ്ടായിരുന്ന രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർക്കും പരുക്കേറ്റിട്ടുണ്ട്. രജപോറ സെക്ടറിൽ വച്ചായിരുന്നു സംഭവം.

കാറിൽ യാത്ര ചെയ്യുകയായിരുന്ന ഗുലാം നബി പട്ടേലിനുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. വെടിവച്ചശേഷം ഭീകരർ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു.

ഗുരുതര പരുക്കുകളോടെ ഗുലാം നബിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് ഓഫീസർ പറഞ്ഞു. പരുക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിൽസയിലാണെന്നും അവരുടെ നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വെടിവയ്പുണ്ടായ സ്ഥലം സൈന്യം വളഞ്ഞതായും ഭീകരർക്കായുളള തിരച്ചിലിലാണെന്നും ഓഫീസർ പറഞ്ഞു.

കോൺഗ്രസിൽ ചേരുന്നതിനു മുൻപ് പട്ടേൽ പീപ്പിൾസ് ഡെമോക്രാറ്റിക് അംഗമായിരുന്നു. പിഡിപി നേതാവും ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

നാഷനൽ കോൺഗ്രസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ലയും അനുശോചനം അറിയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook