ന്യൂഡൽഹി: ജമ്മു കശ്മീരിലെത്തിയ കോണ്‍ഗ്രസ് എംപി ഗുലാം നബി ആസാദിനേയും കോണ്‍ഗ്രസ് നേതാവ് ഗുലാം അഹ്മദ് മീറിനെ ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ വച്ച് തടഞ്ഞു. ഡല്‍ഹിയിലേക്ക് തിരികെ അയക്കും.

അതേസമയം, മൂന്ന് വ്യവസായ നേതാക്കളും ഒരു യൂണിവേഴ്സിറ്റി പ്രൊഫസറും, വിഘടനവാദ പ്രവർത്തകരും ഉൾപ്പെടെ 400 ഓളം പേരെ കശ്മീരിലെ പോലീസ് അറസ്റ്റ് ചെയ്തതായി അധികൃതർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Read More: ജമ്മു കാശ്മീർ: ഇന്ത്യയുമായി നയതന്ത്രബന്ധം വെട്ടിച്ചുരുക്കും, വ്യാപരബന്ധം അവസാനിപ്പിക്കുമെന്നും പാക്കിസ്ഥാൻ

വ്യവസായ നേതാക്കളായ ഷക്കീൽ കലന്ദർ, മുബീൻ ഷാ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ സെൻട്രൽ ജയിലിൽ പാർപ്പിച്ചിട്ടുണ്ട്. നേരത്തെ എൻ‌ഐ‌എ ചോദ്യം ചെയ്ത മറ്റൊരു വ്യവസായി യസീൻ ഖാനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഖാൻ കശ്മീർ സാമ്പത്തിക സഖ്യത്തിന് നേതൃത്വം നൽകുന്നു… ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കശ്മീർ സെന്റർ ഫോർ സോഷ്യൽ ആന്റ് ഡവലപ്മെന്റ് സ്റ്റഡീസിന്റെ (കെസിഎസ്ഡിഎസ്) മേധാവിയായ ഹമീദ നയീമിനെ കസ്റ്റഡിയിലെടുത്തു. ഇവരുടെ ഭർത്താവും വിഘടനവാദി നേതാവുമായ നയീം ഖാൻ ഇതിനകം ജയിലിലാണ്,” ഉദ്യോഗസ്ഥർ പറഞ്ഞു. കശ്മീർ ബാർ അസോസിയേഷൻ പ്രസിഡന്റ് മിയാൻ ഖയൂമിനെയും കസ്റ്റഡിയിലെടുത്തു.

കശ്മീർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ മുൻ പ്രസിഡന്റ് മുബീൻ ഷായുടെ കുടുംബം ഇയാളുടെ അറസ്റ്റ് സ്ഥിരീകരിച്ചു. “എന്റെ കസിൻ ഡോ. മുബീൻ ഷായെ ഓഗസ്റ്റ് 5 ന് അർദ്ധരാത്രിയോടെ വീട്ടിൽ നിന്ന് കൊണ്ടുപോയി… അയാൾ പ്രമേഹ രോഗിയാണ്, ഹൃദ്രോഗത്തിനും മരുന്ന് കഴിക്കുന്നുണ്ട്… അദ്ദേഹത്തിന്റെ ഭാര്യയുടെ സാന്നിദ്ധ്യത്തിലാണ് മുബീൻ ഷായെ കൊണ്ടു പോയത്,” ഒരു ബന്ധു അയച്ച സന്ദേശത്തിൽ പറയുന്നു.

തടങ്കലിൽ വച്ചവരുടെ കൂട്ടത്തിൽ പിഡിപി യുവനേതാവ് വഹീദ് പരയുമുണ്ടെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ പറയുന്നു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും അവർ പറഞ്ഞു.

ആശയവിനിമയത്തിനുള്ള ഉപാധികളെല്ലാം നിരോധിച്ചിരിക്കുകയാണ്. ഇന്റർനെറ്റ് സംവിധാനവും നിലവിൽ റദ്ദാക്കിയിരിക്കുകയാണ്. “കർഫ്യൂ പാസുകളും ആശയവിനിമയ മാർഗങ്ങളും ഇല്ലാത്തതിനാൽ മാധ്യമപ്രവർത്തകർക്ക് പ്രവർത്തിക്കാൻ കഴിയില്ല. മാധ്യമ വാ മൂടിക്കെട്ടിയ ഈ അവസ്ഥ ഏറ്റെടുക്കാൻ ഞങ്ങൾ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയോടും അന്താരാഷ്ട്ര പത്രപ്രവർത്തക സംഘടനകളോടും അഭ്യർത്ഥിക്കുന്നു,” കശ്മീർ പ്രസ് ക്ലബിന്റെ ജനറൽ സെക്രട്ടറി ഇഷ്ഫാക്ക് തന്ത്രി പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ താഴ്‌വരയിൽ തുടരുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook