ന്യൂഡല്‍ഹി:കോണ്‍ഗ്രസ് വിട്ട് ആഴ്ചകള്‍ക്ക് ശേഷം പുതിയ പാര്‍ട്ടി പ്രഖ്യാപനം 10 ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് ഗുലാം നബി ആസാദ്. ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം ആദ്യം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിന് ശേഷം ജമ്മു കശ്മീരില്‍ ആദ്യമായി റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച ഗുലാം നബി ആസാദ് തന്റെ പുതിയ പാര്‍ട്ടി കശ്മീരിലെ രണ്ട് പ്രവിശ്യകളിലെയും ജനങ്ങളെ ഒരുമിച്ച് കൊണ്ടുവരുമെന്നും പറഞ്ഞു.
തന്റെ പുതിയ പാര്‍ട്ടിയുടെ പ്രധാന അജണ്ട ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നതാകുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിക്കും തൊഴിലിനുമായുള്ള ജനങ്ങളുടെ അവകാശങ്ങളുടെ സംരക്ഷണം അജണ്ടയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിന് മുന്നോടിയായി ഗുലാംനബി ആസാദിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച നേതാക്കളും പ്രവര്‍ത്തകരും യോഗം ചേര്‍ന്നിരുന്നു. മുന്‍ ജമ്മു കശ്മീര്‍ മന്ത്രിയായിരുന്ന ജി.എം സറൂരിയുടെ നേതൃത്വത്തിലായിരുന്നു യോഗം.
ഒരു ദേശീയ, സംസ്ഥാന പാര്‍ട്ടിക്ക് വേണ്ടി പദ്ധതികള്‍ നടപ്പാക്കാന്‍ അപ്രതീക്ഷിതമായ കോണുകളില്‍ നിന്ന് പേര് പുറത്ത് പറയാന്‍ ആഗ്രഹിക്കാത്ത നേതാക്കളില്‍ നിന്ന് തനിക്ക് ഫോണ്‍ കോള്‍ ലഭിച്ചതായി ഇന്ത്യന്‍ എക്സ്പ്രസിന് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ ആസാദ് പറഞ്ഞിരുന്നു.
‘ദേശീയ പാര്‍ട്ടിക്കല്ല ഞാന്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത് കാരണം അതിന് ഒരുപാട് കൂടിയാലോചനകള്‍ ആവശ്യമാണ്, മറ്റ് മുതിര്‍ന്നവര്‍ ഓപ്പമുണ്ടാകണം. അവരുമായി കൂടിയാലോചിച്ചായിരിക്കും അത് ചെയ്യുക. ഞങ്ങള്‍ ഒരു ദേശീയ പാര്‍ട്ടി തുടങ്ങുന്നു എന്ന് പ്രഖ്യാപിക്കുമ്പോള്‍ തീര്‍ച്ചയായും ആളുകള്‍ വരും. എന്റെ പ്രഥമ പരിഗണന ജമ്മു കശ്മീര്‍ ആണ്, കോണ്‍ഗ്രസിന്റെ 90 ശതമാനവും ഇതിനകം തന്നെ എനിക്കൊപ്പം വന്നിട്ടുണ്ട്,’ ആസാദ് പറഞ്ഞു.