സമൂഹത്തിൽ മാറ്റം കൊണ്ടുവരാനുള്ള രാഷ്ട്രീയ പാർട്ടികളുടെ കഴിവിൽ തനിക്ക് സംശയമുണ്ടെന്നും പ്രയാസകരമായ സമയങ്ങളിൽ സമൂഹത്തിന് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് സാമൂഹിക സേവനങ്ങളിൽ സജീവമായി ഇടപെടാൻ തനിക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“സമൂഹത്തിൽ ഒരു മാറ്റം കൊണ്ടുവരണം. ചിലപ്പോൾ ഞാൻ വിരമിച്ച് സാമൂഹ്യസേവനം ചെയ്യാൻ തുടങ്ങിയെന്ന് നിങ്ങൾ കേട്ടാൽ അത് വലിയ കാര്യമാക്കേണ്ടതില്ല”, ജമ്മു കശ്മീരിൽ ഒരു പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീർ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ എം കെ ഭരദ്വാജാണ് പരിപാടി സംഘടിപ്പിച്ചത്. ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് അരുൺ ഗുപ്ത, ജമ്മു യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർമാരായ ആർആർ ശർമ, ആർ ഡി ശർമ, മുൻ അഡ്വക്കേറ്റ് ജനറൽ അസ്ലം ഗോണി തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും രാഷ്ട്രീയ ബന്ധമുള്ളവരും പത്മഭൂഷൺ ലഭിച്ച ആസാദിനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തു.
35 മിനിറ്റ് നീണ്ട പ്രസംഗത്തിന്റെ തുടക്കത്തിൽ തന്ന താൻ രാഷ്ട്രീയ പ്രസംഗം നടത്തില്ലെന്ന് ആസാദ് വ്യക്തമാക്കി. “ഇന്ത്യയിലെ രാഷ്ട്രീയം വളരെ മോശമായി മാറിയിരിക്കുന്നു, നമ്മൾ മനുഷ്യരാണോ എന്ന് ചിലപ്പോൾ സംശയം തോന്നും,” അദ്ദേഹം പറഞ്ഞു.
മനുഷ്യരുടെ ശരാശരി ആയുസ്സ് ഇപ്പോൾ 80-85 വർഷമാണെന്ന് പറഞ്ഞ അദ്ദേഹം, വിരമിക്കലിന് ശേഷമുള്ള 20-25 വർഷം ഒരാൾ രാഷ്ട്രനിർമ്മാണത്തിന് ഉപയോഗിക്കുകയാണെങ്കിൽ അതിൽ അർത്ഥമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നമ്മൾ എല്ലാവരും ഒരു ചെറിയ നഗരത്തെ നവീകരിച്ചാൽ ഈ രാജ്യം തന്നെ നവീകരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹത്തിലെ ഒട്ടുമിക്ക തിന്മകൾക്കും കാരണക്കാരായ രാഷ്ട്രീയ പാർട്ടികൾക്ക് സമൂഹത്തിൽ മാറ്റം കൊണ്ടുവരാനുള്ള കഴിവിൽ തനിക്ക് സംശയമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ജനങ്ങളെ മതത്തിന്റേയും പ്രദേശത്തിന്റേയും ഗ്രാമത്തിന്റേയും നഗരത്തിന്റേയും പേരില് വിഭജിച്ചെന്നും. ഉയര്ന്ന ജാതിക്കാരനെന്നും ദളിതനെന്നും മുസ്ലിമെന്നും ഹിന്ദുവും ക്രിസ്ത്യാനിയും സിഖ്കാരനുമാക്കി തരംതിരിച്ചെന്നും പറഞ്ഞു. ജനങ്ങളെ ഇങ്ങനെ കണ്ടാൽ ആരെയാണ് നമുക്ക് മനുഷ്യരായി കാണാനാകുകയെന്നും ഗുലാം നബി ആസാദ് ചോദിച്ചു.
രാഷ്ട്രീയ പാർട്ടികൾ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ടിരിക്കും, എന്നാൽ പ്രയാസകരമായ സമയങ്ങളിൽ സമൂഹത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ദിരാഗാന്ധി അധികാരത്തിലിരുന്ന കാലം മുതൽ താൻ എല്ലാ കോൺഗ്രസ് സർക്കാരുകളിലും മന്ത്രിയായിരുന്നെന്നും പല പ്രധാനമന്ത്രിമാരുടെ കീഴിലും പാർട്ടി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ടെന്നും പലർക്കും അറിയാമെന്നും ആസാദ് പറഞ്ഞു. എന്നാൽ തന്റെ പൊതുജീവിതം ആരംഭിച്ചത് കോൺഗ്രസുകാരനായിട്ടല്ല, മറിച്ച് ഗാന്ധിയൻ തത്വശാസ്ത്രത്തിന്റെ അനുയായിയായിട്ടാണെന്ന് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂവെന്ന് അദ്ദേഹം പറഞ്ഞു. “നാം എല്ലാവരും ആദ്യം മനുഷ്യരാണ്, ഹിന്ദുക്കളും മുസ്ലീങ്ങളെല്ലാം പിന്നീട്”, അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇന്നും, ഗാന്ധിയാണ് ഏറ്റവും മികച്ച ഹിന്ദുവും മതേതരത്വത്തിന്റെ ഏറ്റവും വലിയ അനുയായിയുമെന്ന് ഞാൻ കരുതുന്നു. ദൈവത്തെ ആരാധിക്കുന്ന ഏതെങ്കിലും ഹിന്ദുവിന് മതേതരനാകാൻ കഴിയില്ലെന്ന് കരുതുന്നത് തെറ്റാണ്. യഥാർത്ഥത്തിൽ മതത്തെ പിന്തുടരുന്ന ഏതൊരാളും യഥാർത്ഥ മതേതരനാണ്. തങ്ങളുടെ മതത്തെക്കുറിച്ച് കാര്യമായ അറിവില്ലാത്തവർ അപകടകാരികളാണെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ന് നമ്മുടെ ചിന്തയും മനസ്സും മനുഷ്യരെ മനുഷ്യരായി കണക്കാക്കാത്തവിധം മലിനമായിരിക്കുന്നു,” എന്ന് യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ജമ്മു കാശ്മീരിൽ തീവ്രവാദം ജീവിതം നശിപ്പിച്ചെന്നും അതിൽ പാകിസ്ഥാൻ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും ആസാദ് പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളായാലും കശ്മീരി മുസ്ലീങ്ങളായാലും തീവ്രവാദികൾ സുരക്ഷാ ഉദ്യോഗസ്ഥരെയും പൊലീസുകാരെയും കൊല്ലുകയും നിരവധി പേരെ വിധവകളാക്കുകയും ചെയ്തു, അദ്ദേഹം പറഞ്ഞു. മേഖലയിലെ എല്ലാ ജനങ്ങളെയും തീവ്രവാദം ബാധിച്ചിരിക്കുന്നതിനാൽ ഈ നഷ്ടങ്ങൾക്ക് മതത്തിന്റെ നിറം കൊടുക്കുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: മണിപ്പൂരിൽ ബിരേൻ സിങ് വീണ്ടും മുഖ്യമന്ത്രി