ലഖ്​​നോ​: ​ഗാസിയാബാദ്​ വ്യാജ ഏറ്റുമുട്ടൽ കേസിൽ നാല്​ പൊലീസുകാർക്ക് സിബിഐ കോടതി​ ജീവപര്യന്തം തടവ്​ വിധിച്ചു. ഭോജ്പുരി പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍, ഒരു സബ് ഇന്‍സ്പെക്ടര്‍,രണ്ട് കോണ്‍സ്റ്റബിളുമാര്‍ എന്നിവര്‍ക്കെതിരെയാണ് വിധി പുറപ്പെടുവിച്ചത്. നാല് പേരും കൊലപാതകം ചെയ്തതായും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായും ഗാസിയാബാദ് സിബിഐ കോടതി കണ്ടെത്തി.

1996 നവംബർ എട്ടിനായിരുന്നു കേസിനാസ്​പദമായ സംഭവം നടന്നത്​. ദീപാവലിക്ക് രണ്ട് ദിവസം മുമ്പ് കൂലിപ്പണിക്കാരായ ജലാലുദ്ധീന്‍(17), ജസ്ബീര്‍(23), അശോക്(17), പ്രവേശ്(17) എന്നിവര്‍ ഭോജ്പുരില്‍ നിന്നും പില്‍കുവയിലേക്ക് ജോലിക്കായി പോയി. തിരിച്ച് വരുന്നതിനിടെയാണ് മാച്ച്‍രി ഛൗക്കിലുള്ള ഒരു ചായക്കടയ്ക്ക് അടുത്ത് വച്ച് പൊലീസ് ഇവരെ പിടികൂടിയത്.

കൂലിപ്പണിക്കാരായ ഇവരെ ക്രിമിനലുകളെന്നാരോപിച്ച്​ പിടിച്ചുകൊണ്ടുപോയ പൊലീസുകാർ സ്​റ്റേഷനിൽ വെച്ച്​ മർദിച്ച്​ കൊലപ്പെടുത്തുകയായിരുന്നു. ഫോറൻസിക്​ പരി​ശോധനയിലാണ്​ പൊലീസ്​ ഭാഷ്യം നുണയാണെന്നും സംഭവം വ്യാജ ഏറ്റുമുട്ടലാണെന്നും​ തെളിഞ്ഞത്​.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ