ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സിഎഎ) പ്രതിഷേധത്തിനിടെ ഷഹീൻബാഗിൽ വെടിവെപ്പ് നടത്തിയ യുവാവ് ബിജെപിയിൽ. സിഎഎക്കെതിരായ പ്രക്ഷോഭം നടക്കുന്നതിനിടെ ഷഹീൻബാഗ് മേഖലയിൽ വെടിവെപ്പ് നടത്തിയ കപിൽ ഗുർജാറാണ് ബിജെപിയിൽ ചേർന്നത്. ഗാസിയാബാദിലെ ബിജെപി നേതാക്കളാണ് ഗുര്‍ജര്‍ക്ക് അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ ഗുര്‍ജറുടെ അംഗത്വം ബിജെപി റദ്ദാക്കി.
ബിജെപി ജില്ലാ കൺവീനർ സഞ്ജീവ് ശർമയാണ് ഗുർജറെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. “നൂറുകണക്കിനു ആളുകൾക്കൊപ്പമാണ് ഗുർജർ പാർട്ടിയിലേക്ക് എത്തിയിരിക്കുന്നത്. ഈ മേഖലയിൽ ഏറെ സ്വാധീനമുള്ള വ്യക്തിയാണ് ഗുർജർ. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ പ്രവർത്തനങ്ങളിലും പാർട്ടിയുടെ നയങ്ങളിലും സ്വാധീനിക്കപ്പെട്ടാണ് ഗുർജർ ബിജെപിയിൽ ചേർന്നിരിക്കുന്നത്,” സഞ്ജീവ് ശർമ പറഞ്ഞു.
Read More: ‘അനുവദിക്കരുത്’; കൂട്ട മതംമാറ്റം അവസാനിപ്പിക്കണമെന്ന് രാജ്‌നാഥ് സിങ്
ഈ പരിപാടിക്ക് തൊട്ടുപിന്നാലെയാണ് ഗുർജറുടെ പാർട്ടി അംഗത്വം റദ്ദാക്കിയെന്ന വാർത്ത പുറത്തുവരുന്നത്. ബിഎസ്‌പിയിൽ നിന്ന് ഏതാനും പേർ ബിജെപിയിലേക്ക് എത്തിയിരുന്നു. അവർക്ക് പാർട്ടി അംഗത്വം നൽകി. അതിൽ ഒരാളാണ് കപിൽ ഗുർജർ. ഷഹീൻബാഗ് സംഭവത്തിൽ പങ്കുള്ള വ്യക്തിയാണ് ഗുർജർ എന്ന കാര്യം അറിയില്ലായിരുന്നു. ഗുർജറെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.
സിഎഎ സമരത്തിനിടെ ഫെബ്രുവരി ഒന്നിനാണ് ഗുർജർ ആകാശത്തേക്ക് രണ്ടുതവണ വെടിയുതിർത്തത്. സമരവേദിയിൽ ആയിരത്തിലേറെ പേർ ഉണ്ടായിരുന്ന സമയത്താണിത്. പിന്നീട് അയാള്‍ അറസ്റ്റിലായി. താനും പിതാവ് ഗജേ സിങ്ങും 2019 മുതല്‍ ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് പൊലീസിന്റെ ചോദ്യംചെയ്യലിനിടെ കപില്‍ ഗുര്‍ജര്‍ പറഞ്ഞിരുന്നു. എന്നാൽ, ഇയാളുടെ അവകാശവാദങ്ങളെ ആം ആദ്‌മി തള്ളിയിരുന്നു.