ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തെ നേരിടാൻ തിക്രിക്ക് പുറമെ ഗാസിപുരിലെ സമരകേന്ദ്രങ്ങള്‍ക്ക് സമീപത്തെ റോഡുകളിലും പൊലീസ് ഇരുമ്പാണികള്‍ സ്ഥാപിച്ചു. 2000ത്തിലധികം ഇരുമ്പാണികളാണ് ഡൽഹി അതിർത്തിയായ റോഹ്തക് റോഡിലുൾപ്പെടെ വരിവരിയായി പതിച്ചത്. ഹരിയാന ഭാഗത്തു നിന്നു വരുന്ന കർഷകരുടെ ട്രാക്ടറുകളുടെ ടയറുകൾ പഞ്ചറാക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
Read More: ഫെബ്രുവരി ആറിന് കർഷകരുടെ രാജ്യവ്യാപക പ്രക്ഷോഭം; ദേശീയ പാതകൾ തടയും
ജനുവരി 26 ലെ അക്രമസംഭവങ്ങൾക്കും അതിന്റെ പരിണതഫലങ്ങൾക്കും ശേഷം, ഡൽഹി അതിർത്തിയിൽ സുരക്ഷ കർശനമാക്കിയിരിക്കുകയാണ്. തിങ്കളാഴ്ച വരെ, നിരവധി സുരക്ഷാ പാളികൾ ഉണ്ടായിരുന്നു. മെറ്റൽ ബാരിക്കേഡുകൾ, വലിയ കല്ലുകൾ, കോൺക്രീറ്റ് ബാരിക്കേഡുകൾ, ഇരുമ്പാണികൾ എന്നിവയാണ് കർഷകരെ നേരിടുന്നതിനായി പൊലീസ് ഉപയോഗിക്കുന്നത്.
മുണ്ട്ക പൊലീസ് സ്റ്റേഷന്റെ മേൽനോട്ടത്തിൽ ഡൽഹി പൊലീസിന്റെ നിർദേശപ്രകാരമാണ് റോഡിൽ ഇരുമ്പാണികൾ പതിച്ചത്. ഞായറാഴ്ച രാത്രി ഒൻപതിന് ശേഷമാണ് ഇരുമ്പാണികൾ പതിക്കുന്ന ജോലികൾ ആരംഭിച്ചത്. ജോലികൾ തിങ്കളാഴ്ച പുലർച്ചെ നാലുവരെ നടന്നതായി പൊലീസ് ഉദ്യോഗസ്ഥരും കർഷകരും പറഞ്ഞു.
തിങ്കളാഴ്ച രണ്ട് തരം ആണികളാണ് റോഹ്തക് റോഡിൽ പതിച്ചത്. വലിയവ, അര അടി നീളത്തിൽ, അതിൽ 350 എണ്ണം തുടർച്ചയായി പതിച്ചത്. ഇവയ്ക്ക് ചുറ്റും ചെറിയ ആണികൾ. തങ്ങളുടെ പക്കൽ ആയുധങ്ങളുണ്ടെന്നും എന്നാൽ കർഷകരെ നേരിടാൻ തികച്ചും വ്യത്യസ്തമായ വഴികളാണ് ഉപയോഗിക്കുന്നതെന്നുമാണ് പൊലീസ് പറയുന്നത്.
തിക്രിക്ക് പുറമെ ഗാസിപുരിലെ സമരകേന്ദ്രങ്ങള്‍ക്ക് സമീപത്തെ റോഡുകളിലും പൊലീസ് ഇരുമ്പാണികള്‍ തറക്കുകയും ശൗചാലയങ്ങളിലേക്കുള്ള വഴികള്‍ പോലും പൊലീസ് അടച്ചുവച്ചിരിക്കുകയാണെന്നും കര്‍ഷകര്‍ ആരോപിച്ചു. അതേസമയം, കര്‍ഷക പ്രക്ഷോഭ കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിട്ട് ഇന്ന് ഒരാഴ്ച പിന്നിടുകയാണ്.
വിവാദ കാർഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നതടക്കം നിരവധി അക്കൗണ്ടുകൾ ട്വിറ്റർ ബ്ലോക്ക് ചെയ്തിരുന്നു. നൂറിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത ട്വിറ്റർ 150ഓളം ട്വീറ്റുകളും ഡിലീറ്റ് ചെയ്തിരുന്നു. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൽ നിന്നുള്ള നിർദേശപ്രകാരം ട്വിറ്റർ ബ്ലോക്ക് ചെയ്ത അക്കൗണ്ടുകളിൽ ഭൂരിഭാഗവും തിങ്കളാഴ്ച വൈകിട്ടോടെ പുനഃസ്ഥാപിച്ചു. കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്ന മാധ്യമങ്ങള്‍, സംഘടനകള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ വിവരങ്ങളടങ്ങിയ പട്ടിക സര്‍ക്കാര്‍ ട്വിറ്ററിന് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook