ലക്നൗ: സൈനികൻ കൊല്ലപ്പെട്ടുവെന്ന വാർത്ത കേൾക്കുന്ന ദിവസം തനിക്ക് ഉറങ്ങാൻ കഴിയാറില്ലെന്ന് കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രി രാജ്നാഥ് സിങ്. ”അടുത്തിടെ പാക് സെനികരുടെ വെടിയേറ്റ് ഒരു ബിഎസ്എഫ് ജവാൻ വീരമൃത്യു വരിച്ചു. ജനങ്ങൾക്ക് അറിയില്ല, എപ്പോഴൊക്കെ ഇത്തരത്തിലുളള വിവരം അറിയുന്നുവോ അന്നൊന്നും എനിക്ക് ഉറങ്ങാൻ കഴിയാറില്ല. സൈനികർ നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ്”, ലക്നൗവിൽ ബിജെപി പ്രവർത്തകരുടെ പരിപാടിയിൽ പങ്കെടുക്കവേ രാജ്നാഥ് സിങ് പറഞ്ഞു.
ബിഎസ്എഫ് ജവാൻ നരേന്ദ്രർ സിങ് അതിർത്തിയിൽ പാക് സൈനികരുടെ വെടിവയ്പിൽ കൊല്ലപ്പെട്ട് ഏതാനും ദിവസം പിന്നിടുമ്പോഴാണ് രാജ്നാഥ് സിങ്ങിന്റെ പ്രതികരണം. ജമ്മുവിലെ റാംഗഡ് സെക്ടറിൽ സെപ്റ്റംബർ 18 ന് നടന്ന വെടിവയ്പിലാണ് നരേന്ദ്രർ കൊല്ലപ്പെടുന്നത്. അതിനുശേഷം അദ്ദേഹത്തിന്റെ മൃതദേഹം കാണാതായി. പിറ്റേ ദിവസം മൃതദേഹം വികൃതമാക്കിയ നിലയിലാണ് കണ്ടെത്തിയത്.
സൈനികന്റെ മൃതദേഹം വികൃതമാക്കിയതിനു പിന്നിൽ പാക് സൈന്യമാണെന്നായിരുന്നു ഇന്ത്യയുടെ ആരോപണം. എന്നാൽ പാക്കിസ്ഥാൻ ഇത് നിഷേധിച്ചിരുന്നു.