വാഷിങ്ടണ്‍: റഷ്യന്‍ സഖ്യ സൈന്യം സിറിയയില്‍ രാസായുധ അക്രമം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. ‘തയ്യാറായിക്കോളൂ റഷ്യ, നിങ്ങള്‍ സിറിയക്ക് നേരെ ഉപയോഗിച്ചതിനേക്കാള്‍ നല്ല, പുതിയ, മികച്ച മിസൈലുകള്‍ നിങ്ങള്‍ക്ക് നേരെ വരുന്നുണ്ട്. സ്വന്തം ജനതയെ ക്രൂരമായി കൊന്നൊടുക്കി ആസ്വദിക്കുന്ന പിശാചുമൊത്താണ് നിങ്ങളുടെ പ്രവൃത്തി’, ട്രംപ് ട്വീറ്റ് ചെയ്തു.

‘റഷ്യയുമൊത്തുളള ഞങ്ങളുടെ ബന്ധം എക്കാലത്തേയും മോശം അവസ്ഥയിലാണ്. ഒരു ശീതയുദ്ധം തന്നെയാണ് നിലവിലുളളത്. ഒരു കാരണവുമില്ലാതെയാണ് ഇതെന്ന് മനസിലാക്കണം. ആയുധം കൊണ്ടുളള കളിക്കെതിരെ എല്ലാവര്‍ക്കും ഒന്നിച്ച് നില്‍ക്കാം’, ട്രംപ് വ്യക്തമാക്കി. ഗൗതയിലെ ദൗമയില്‍ രാസായുധ ആക്രമണത്തില്‍ 50ലധികം പേരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

എന്നാല്‍ നടന്നത് രാസായുധ ആക്രമണമല്ലെന്ന് പറഞ്ഞ് സിറിയന്‍ സര്‍ക്കാര്‍ റഷ്യയെ പിന്തുണച്ചു. 100 കണക്കിന് ആളുകളെ ശ്വാസം മുട്ടലിനെ തുടര്‍ന്ന് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റി.

കുട്ടികളും സ്ത്രീകളുമാണ് ഇവരില്‍ ഏറേയും. ഹെലികോപ്റ്ററില്‍ നിന്നും ബാരല്‍ ബോംബ് ജനവാസ പ്രദേശത്ത് വര്‍ഷിക്കുകയായിരുന്നുവെന്ന് ഗൗത്ത മീഡിയ സെന്റര്‍ പറഞ്ഞു. വായില്‍ നിന്ന് നുരയും പതയും വരുന്ന രീതിയിലാണ് കുട്ടികളെയും സ്ത്രീകളേയും ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ചയും പ്രദേശത്ത് ആക്രമണം കടുത്തതോടെ രക്ഷാപ്രവര്‍ത്തനവും ദുഃസ്സഹമായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ