ന്യൂഡല്‍ഹി: സ്വര്‍ണ്ണത്തിനും വെള്ളിയ്ക്കും പകരം വാളുകള്‍ വാങ്ങി വയ്ക്കാന്‍ ആഹ്വാനം ചെയ്ത് ബിജെപി നേതാവ്. അയോധ്യ കേസിന്റെ വിധി വരുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ആഹ്വാനം. ദിയോബാദിലെ ബിജെപി സിറ്റി പ്രസിഡന്റായ ഗജ്‌രാജ് റാണയാണ് ആഹ്വാനം നടത്തിയത്.

”അയോധ്യക്കേസില്‍ സുപ്രീം കോടതി വിധി ഉടനെ വരും. രാമക്ഷേത്രത്തിന് അനുകൂലമായിരിക്കും വിധിയെന്നാണ് കരുതുന്നത്. എന്തിരുന്നാലും അന്തരീക്ഷം കണക്കിലെടുത്ത്, സ്വര്‍ണാഭരങ്ങളും വെള്ളി പാത്രങ്ങളും വാങ്ങുന്നതിന് പകരം എല്ലാവരും വാളുകള്‍ വാങ്ങി സൂക്ഷിക്കുന്നത് നല്ലതായിരിക്കും. നമ്മുടെ തന്നെ സംരക്ഷണത്തിന് ഈ വാളുകള്‍ ഉപകരിക്കും” എന്നായിരുന്നു ബിജെപി നേതാവിന്റെ വാക്കുകള്‍.

അതേസമയം, തന്റേത് വെറും നിര്‍ദ്ദേശം മാത്രമാണെന്നും അതില്‍ കൂടുതലൊന്നും വായിച്ചെടുക്കരുതെന്നും റാണ പിന്നീട് പ്രസ്താവനയിലൂടെ അറിയിച്ചു. ദൈവങ്ങളും ദേവതകളുമെല്ലാം ആയുധം ഉപയോഗിച്ചിരുന്നതായാണ് പുരാണങ്ങള്‍ പറയുന്നത്. അതുപോലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് തന്റെ സമുദായത്തിലെ ആളുകളോട് നിര്‍ദ്ദേശിക്കുകയായിരുവെന്ന് റാണ പറയുന്നു.

അതേസമയം, റാണയുടെ പ്രസ്താവനയെ തള്ളി ബിജെപി ഉത്തര്‍പ്രദേശ് വക്താവ് ചന്ദ്രമോഹന്‍ രംഗത്തെത്തി. ഇത്തരത്തിലുള്ള ഭാഷ ബിജെപി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും റാണയുടെ വാക്കുകള്‍ വ്യക്തിപരം മാത്രമാണെന്നുമായിരുന്നു ബിജെപിയുടെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook