ലക്‌നൗ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ഡോക്ടറോട് കുപിതനായി മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്. കനൗജിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഡോക്ടറോട് പുറത്ത് കടക്കാന്‍ അഖിലേഷ് പറഞ്ഞു.

20 പേര്‍ കൊല്ലപ്പെട്ട ബസ് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കാണാന്‍ എത്തിയതാണ് അഖിലേഷ്. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരോട് അഖിലേഷ് സംസാരിക്കുകയായിരുന്നു. അതിനിടയിലാണ് ഡോക്ടര്‍ ഇടപെട്ടത്. ഡോക്ടറുടെ പെരുമാറ്റം അഖിലേഷിന് ഇഷ്ടപ്പെട്ടില്ല. നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നവർ അഖിലേഷിനോട് പറയുന്നതിനിടെ ഡോക്ടർ ഇടയ്ക്ക് കയറി സംസാരിച്ചതാണ് അഖിലേഷിനെ ചൊടിപ്പിച്ചത്.

ഉടനെ തന്നെ അഖിലേഷ് ചീത്തപറയാൻ തുടങ്ങി. നിങ്ങൾ സർക്കാരിന്റെ പക്ഷത്തായിരിക്കും. സർക്കാരിനുവേണ്ടിയായിരിക്കും നിങ്ങൾ വാദിക്കുന്നത്. നിങ്ങൾ ആർഎസ്എസിൽ നിന്നോ ബിജെപിയിൽ നിന്നോ ആയിരിക്കും. ചികിത്സയിൽ കഴിയുന്നവർക്ക് നഷ്‌ടപരിഹാരം ലഭിക്കാത്ത കാര്യം നിങ്ങൾ എന്നിൽ നിന്ന് മറച്ചുവച്ചു. നിങ്ങൾ ഇവിടെ നിന്ന് പുറത്തു പോകൂ അഖിലേഷ് പറഞ്ഞു. രോഗികൾ പറയുന്നത് നിങ്ങൾ എനിക്ക് വിവരിച്ചു തരേണ്ട ആവശ്യമില്ലെന്നും അഖിലേഷ് ഡോക്‌ടറോട് പറഞ്ഞു.

Read Also: അതിരാവിലെ സെക്‌സോ? ഗുണങ്ങൾ ചില്ലറയല്ല

എമർജൻസി മെഡിക്കൽ ഓഫീസർ ഡിഎസ് മിശ്രയ്ക്കാണ് അഖിലേഷിൽ നിന്ന് ദുരനുഭവം ഉണ്ടായത്. ചികിത്സയിൽ കഴിയുന്നവർക്ക് ചെക്ക് കെെമാറിയിട്ടുണ്ടെന്നാണ് ഡോക്‌ടറുടെ വിശദീകരണം. രോഗികളിൽ ഒരാൾ തങ്ങൾക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് അഖിലേഷിനോട് പറഞ്ഞു. അപ്പോഴാണ് അവർക്ക് ചെക്ക് കെെമാറിയിട്ടുണ്ടെന്ന കാര്യം അഖിലേഷിന്റെ ശ്രദ്ധയിൽപ്പെടുത്താൻ താൻ ശ്രമിച്ചതെന്നും ഡോക്‌ടർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook