മേണ്ടി പത്തർ (മേഘാലയ): അടുത്ത വിദേശ പര്യടനത്തിന് പോയി തിരികെ വരുമ്പോൾ കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയെയും ഒപ്പം കൊണ്ടുവരണമെന്ന് പ്രധാനമന്ത്രിയോട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എല്ലാ ജനങ്ങൾക്കും വേണ്ടിയാണ് പ്രധാനമന്ത്രിയോട് ഞാൻ ഈ അപേക്ഷ നടത്തുന്നതെന്നും രാഹുൽ പറഞ്ഞു. മേഘാലയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് 11,000 കോടി തട്ടിയാണ് നീരവ് മോദി രാജ്യം വിട്ടത്.

2014 ലെ തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് നരേന്ദ്ര മോദിയിലും ബിജെപിയിലും വിശ്വാസം ഉണ്ടായിരുന്നു. മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളെയാണ് അവർ വിശ്വസിച്ചത്. മോദി തങ്ങൾക്ക് തൊഴിൽ നൽകുമെന്ന് അവർ വിശ്വസിച്ചു. തങ്ങളുടെ വിളകൾക്ക് നല്ല വില നൽകി തങ്ങളുടെ കഠിനാധ്വാനത്തിന് ഫലമുണ്ടാകുമെന്ന് കർഷകർ വിശ്വസിച്ചു. തങ്ങൾക്ക് ഭൂമിയും മറ്റു ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ആദിവാസികൾ വിശ്വസിച്ചു. പക്ഷേ ഈ സർക്കാരിന്റെ കാലാവധി അവസാനിക്കാറാകുമ്പോൾ ജനങ്ങളുടെ ഈ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് രാഹുൽ പറഞ്ഞു.

വിജയ് മല്യയും നീരവ് മോദിയും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ടതിലൂടെ ഈ സർക്കാർ അഴിമതിയെ ഇല്ലാതാക്കുകയല്ല, അതിൽ പങ്കാളികളാവുകയാണെന്നാണ് മനസ്സിലാകുന്നതെന്നും രാഹുൽ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ