ഹൈദരാബാദ്: ആഗോള സംരംഭക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപിന്റെ മകളും പ്രസിഡന്റിന്റെ ഉപദേശകയുമായ ഇവാന്‍ക ട്രംപ് ഹൈദരാബാദിലെത്തി. ഇന്ത്യയുടെ നല്ലൊരു സുഹൃത്തായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ഉണ്ടെന്ന് ഇവാങ്ക പറഞ്ഞു. ചെറുപ്പത്തില്‍ ഒരു ചായ വിറ്റിരുന്നയാള്‍ പ്രധാനമന്ത്രി പദം വരെ എത്തിയത് മാതൃകാപരമാണെന്നും ഇവാന്‍ക പറഞ്ഞു. മുത്തുകളുടെ നഗരമായ ഇവിടത്തെ ഏറ്റവും വലിയ സമ്പത്ത് നിങ്ങളാണെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത സംരഭകര്‍ക്ക് നേരെ വിരല്‍ ചൂണ്ടിക്കൊണ്ട് ഇവാന്‍ക പറഞ്ഞു.

ഇന്ത്യയുടെ വികസന കേന്ദ്രമായി ഹൈദരാബാദ് മാറുകയാണെന്നും ഇവാങ്ക കൂട്ടിച്ചേര്‍ത്തു. ലോകത്തില്‍ തന്നെ അതിവേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന നിലയില്‍ താന്‍ ഇന്ത്യയെ അഭിനന്ദിക്കുന്നു, സാങ്കേതികത്വം കൊണ്ട് സമ്പന്നമായ ഈ നഗരത്തില്‍ എത്തിയതില്‍ അഭിമാനിക്കുന്നതായും അവര്‍ പറഞ്ഞു.

വിദേശ രാജ്യങ്ങളില്‍ നിന്ന് 400 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് അത്താഴവിരുന്നൊരുക്കിയിരിക്കുന്നത് ലോകത്തിലെ ഏറ്റവും നീളമേറിയ ഡൈനിങ് ടേബിളിലാണ്. ഹൈദരാബാദിലെ താജ് ഫലക്‌നുമാ പാലസിലാണ് അത്താഴം.താജ് ഫലക്‌നുമ കൊട്ടാരത്തിലെ ഏറ്റവും വലിയ മുറികളിലൊന്നാണ് ഈ ഡൈനിങ്ങ് ഹാള്‍. 80 അടിയാണ് ഡൈനിങ്ങ് ടേബിളിന്റെ നീളം. 5.7 അടി വീതിയും 2.7 അടി പൊക്കവുമാണ് ടേബിളിന്. ഡൈനിങ് ടേബിളിലെ 101 കസേരകളും ഗ്രീന്‍ ലെതര്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. നൈസാം ഉപയോഗിക്കുന്ന കസേര ഒഴികെ മറ്റെല്ലാം ഒരേ അളവിലുള്ളതാണ്. അത്താഴത്തിന് ശേഷം 1893 ല്‍ പണികഴിപ്പിച്ച ഫാലക്‌നുമ പാലസ് ഇവാങ്ക ചുറ്റിക്കാണും.

ആഗോള തലത്തിവ് സ്ത്രീ സംരംഭകരുടെ വളര്‍ച്ച ഉയര്‍ത്തി കൊണ്ടുവരുകയെന്നാണ് ഉട്ടകോടിയുടെ പ്രധാന ലക്ഷ്യം. കൂടാതെ ‘ഒന്നാമത് സ്ത്രീ, എല്ലാവര്‍ക്കും ഐശ്വര്യം’ എന്നതാണ് സമ്മേളനത്തിന്റെ പ്രമേയവും. സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ സ്ത്രീകളാണ് ഭൂരിപക്ഷവും.അഫ്ഗാനിസ്ഥാന്‍,സൗദി അറേബ്യ,ഇസ്രയേല്‍ തുടങ്ങിയ 10 രാജ്യങ്ങള്‍ വനിത പ്രതിനിധികളെയാണ് അയച്ചിരിക്കുന്നത്.

ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി യുഎസില്‍ നിന്നെത്തുന്ന പ്രതിനിധികളുടെ സംഘത്തെ നയിക്കുന്നത് ഇവാങ്കയാണ്. മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയാണ് ജിഇഎസ് ആരംഭിച്ചത്. നീതി ആയോഗാണ് പരിപാടിയുടെ സംഘാടകര്‍. ആദ്യമായാണ് ഉച്ചകോടിക്ക് ഇന്ത്യ വേദിയാകുന്നത്. മൊറോക്കോ, കെനിയ, യുഎഇ, മലേഷ്യ, തുര്‍ക്കി എന്നിവിടങ്ങളിലായിരുന്നു ആഗോള സംരംഭക ഉച്ചകോടി സംഘടിപ്പിച്ചിട്ടുള്ളത്. ഇവാങ്കയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഹൈദരാബാദില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook