ജര്‍മനി: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി ജര്‍മനി. ഇന്ത്യയിലേക്ക് ഓക്സിജനും വൈദ്യസഹായവും അയക്കുമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്ക്കൊ മാസ് അറിയിച്ചു.
“ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം അപ്രതീക്ഷിതമായ ശക്തിയിലാണ്. ജര്‍മനി ഇതിനോട് പെട്ടന്ന് തന്നെ പ്രതികരിക്കുകയും, ജനിതക വ്യതിയാനം സംഭവിച്ച വൈറസ് രാജ്യത്ത് പടരാതിരിക്കാനുള്ള മുന്‍കരുതലുമെടുത്തു,” മാസ് റെയിനിഷെ പത്രത്തിനോട് പറഞ്ഞു. ജര്‍മനി ഇന്ത്യയെ കോവിഡിന്റെ തീവ്ര വ്യാപനമുള്ള പ്രദേശമായാണ് കണക്കാക്കിയിട്ടുള്ളത്.
Also Read: തയാറെടുപ്പുണ്ടായില്ല; നിരവധി സംസ്ഥാനങ്ങൾ രണ്ടാം തരംഗത്തിനു മുൻപ് പ്രത്യേക കോവിഡ് സെന്ററുകൾ പൂട്ടി
തിങ്കളാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്ന് മടങ്ങി വരുന്ന ജര്‍മന്‍ പൗരന്മാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിനു പുറമെ 14 ദിവസം ക്വാറന്റൈനിലും ഇരിക്കണം. ഇന്ത്യയില്‍ നിന്ന് വരുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ജര്‍മനിയില്‍ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. എത്രയും പെട്ടെന്ന് തന്നെ അടിയന്തര സാഹചര്യം തരണം ചെയ്യാനുള്ള സഹായം ഇന്ത്യക്ക് നല്‍കുമെന്നും മാസ് വ്യക്തമാക്കി.
മൊബൈല്‍ ഓക്സിജന്‍ പ്രൊഡക്ഷന്‍ സംവിധാനം നല്‍കുന്നതിനെക്കുറിച്ചും അടിയന്തര സഹായം എത്തിക്കുന്നതിനെക്കുറിച്ചും മിലിറ്ററിയോട് വിദേശകാര്യ മന്ത്രാലയം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇന്ത്യയ്ക്ക് ഒപ്പമാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മാര്‍ക്കല്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിന്നുള്ള അഭ്യര്‍ഥന പ്രകാരം ഇന്ത്യയിലേക്ക് ഓക്സിജന്‍ അയക്കാനൊരുങ്ങുകയാണ് യൂറോപ്യന്‍ കമ്മീഷന്‍.