ബാഗൗസ്: 15ാം വയസില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ജര്‍മന്‍ പെണ്‍കുട്ടി നാല് വര്‍ഷത്തിന് ശേഷം പിടിയിലായി. ലിയണോര എന്ന 19കാരി പര്‍ദ അണിഞ്ഞാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തികേന്ദ്രത്തില്‍ നിന്നും പുറത്തുവന്നത്. കിഴക്കന്‍ സിറിയയില്‍ അവസാനത്തെ ഭീകരനേയും ലക്ഷ്യമിട്ട് അമേരിക്കയുടെ നേതൃത്വത്തിലുളള സൈന്യമാണ് ഓപ്പറേഷന്‍ നടത്തുന്നത്. ആയിരക്കണക്കിന് പേരാണ് ഈയാഴ്ച്ച മാത്രം പ്രദേശത്ത് നിന്നും പലായനം ചെയ്തത്.
യുവതികളും കുട്ടികളും അടങ്ങുന്ന സംഘത്തില്‍ ലിയണോരയും അവരുടെ രണ്ട് ചെറിയ കുട്ടികളും ഉണ്ടായിരുന്നു. 15ാം വയസില്‍ ഇസ്ലാം മതം സ്വീകരിച്ചതിന് രണ്ട് മാസം കഴിഞ്ഞാണ് താന്‍ സിറിയയിലേക്ക് വന്നതെന്ന് ലിയണോര പറഞ്ഞു. ‘മൂന്ന് ദിവസത്തിന് ശേഷം ഞാന്‍ എന്റെ ജര്‍മന്‍ ഭര്‍ത്താവിനെ സ്വീകരിച്ചു. ജര്‍മന്‍ ഭീകരനായ മാര്‍ട്ടിന്‍ ലെമ്കിയുടെ മൂന്നാം ഭാര്യയായിരുന്നു ഞാന്‍. സിറിയന്‍ തലസ്ഥാനമായ റഖയിലായിരുന്നു ആദ്യം ജീവിച്ചത്. ഞാന്‍ വെറുമൊരു വീട്ടമ്മയായിരുന്നു. ഭക്ഷണം പാചകം ചെയ്യലും വൃത്തിയാക്കലും ഒക്കെയായിരുന്നു ജോലി,’ ലിയണോര പറയുന്നു.
രണ്ട് ആഴ്ച്ച മുമ്പ് മാത്രമാണ് 19കാരിക്ക് ഐഎസ് സങ്കേതത്തില്‍ വച്ച് ഒരു കുഞ്ഞ് ജനിച്ചത്. ‘ഞങ്ങള്‍ ഓരോ ആഴ്ച്ചയും വീട് മാറുമായിരുന്നു. ആരോ ആഴ്ച്ചയും ഭീകരര്‍ക്ക് ഓരോ നഗരം നഷ്ടമായി കൊണ്ടിരുന്നു. ആക്രമണം കടുത്തപ്പോള്‍ ഭാര്യമാരെ ഉപേക്ഷിച്ച് അവര്‍ പോയി. ഞങ്ങള്‍ക്കും കുട്ടികള്‍ക്കും കഴിക്കാന്‍ ഭക്ഷണം പോലും ഇല്ലായിരുന്നു,’ ലിയണോര പറഞ്ഞു. തനിക്ക് തന്റെ നാട്ടിലേക്ക് തന്നെ തിരികെ പോവണമെന്നും ലിയണോര പറയുന്നു. ലിയണോരയുടെ ഭര്‍ത്താവിനെ സൈന്യം വ്യാഴാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു. ഐഎസിന്റെ സാങ്കേതിക വിദഗ്ദനായാണ് ഇയാള്‍ പ്രവര്‍ത്തിച്ചത്.
സിറിയയുടെ കുര്‍ദിഷ് അധികൃതര്‍ ആയിരക്കണക്കിന് വിദേശികളായ ഭീകരരെയും അവരുടെ ഭാര്യമാരേയും പിടികൂടിയിട്ടുണ്ട്.ഇവര്‍ക്കൊപ്പം കൈക്കുഞ്ഞുങ്ങളുമുണ്ട്. അതത് രാജ്യങ്ങളിലെ ഭീകരരെ തിരികെ കൊണ്ടുപോവണമെന്ന് കുര്‍ദ് അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല.