ബെർലിൻ: ബോറടിച്ചാൽ നിങ്ങൾ എന്ത് ചെയ്യും? പലരും പല വിനോദങ്ങളിലും ഏർപ്പെടും. പക്ഷേ, ആളെ കൊന്ന് ബോറടി മാറ്റുന്ന ഒരാളുടെ ഭീകര കഥകൾ പുറത്ത് വന്നിരിക്കുകയാണിപ്പോൾ. വിരസത ഒഴിവാക്കാൻ ജർമ്മനിയിലെ ഒരു നഴ്‌സ് കൊലപ്പെടുത്തിയത് 106 രോഗികളെ. നീൽസ് ഹോഗെൽ എന്ന 41 കാരനാണ് ക്രൂരനായ കൊലയാളി. ജർമ്മനിയിലെ വടക്കൻ നഗരമായ ബ്രമെനിലെ ദെൽമെൻഹോസ്റ്റ് ആശുപത്രിയിൽ 2015ൽ നടന്ന രണ്ടു കൊലപാതകങ്ങളുടെ അന്വേഷണത്തെ തുടർന്നാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പരകളുടെ ചുരുളഴിയുന്നത്.

പോലീസ് കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ മൊത്തം 106 പേരെ ഇയാള്‍ കൊലപ്പെടുത്തിയതായി കണ്ടെത്തി. ഇതില്‍ 16 കൊലപാകതങ്ങള്‍ 1999-2005 കാലഘട്ടത്തില്‍ രണ്ടു ആശുപത്രികളിലായി ജോലി ചെയ്തപ്പോള്‍ നടത്തിയതാണ്. അഞ്ചു കേസുകളില്‍ മൃതദേഹങ്ങളില്‍ ടോക്‌സികോളജി പരിശോധന നടത്തിവരികയാണ്. നീല്‍സിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പലകോണുകളില്‍ നിന്ന് ഉയര്‍ന്ന് വരികയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് പോലീസ് അറിയിച്ചു.

മാരക മരുന്നുകളാണ് ഇയാൾ രോഗികളിൽ കുത്തിവെക്കുക. ഇവ രോഗികളുടെ ഹൃദയത്തിനെയും രക്തചംക്രമണ വ്യവസ്ഥകളെയും തകരാറിലാക്കും. കുത്തിവെപ്പ് വിജയകരമായോ എന്ന് വീണ്ടും പരിശോധിക്കാനും ഈ കുറ്റവാളി മറക്കില്ല. രാജ്യത്തെ തന്നെ എറ്റവും വലിയ കൊലപാതക പരമ്പരയാണ് ഇതെന്ന് അന്വേഷണത്തിന്‍റെ ചുമതല വഹിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഭീകരമായ കേസാണിത്. സംഭവം തങ്ങളെ ഞെട്ടിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ കേസുകളും ഹേഗലിന് ഓർമയില്ലെന്നും എന്നാൽ 30ലധികം രോഗികളെയും അവരുടെ സ്വഭാവ രീതികളും അയാൾക്ക് വ്യക്തമായി അറിയാമെന്നും ഹേഗലിന്‍റെ അഭിഭാഷകൻ പറഞ്ഞു.

നിരവധി പേരെ ഇത്തരത്തിൽ ഹേഗൽ കൊല ചെയ്യാൻ ശ്രമം നടത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. രോഗികളുടെ ശരീരത്തിൽ നിന്നും ഇയാൾ കുത്തിവെക്കാൻ ഉപയോഗിക്കുന്ന മരുന്നുകളുടെ അംശം കണ്ടെത്തിയിട്ടുണ്ട്. തന്‍റെ മാതാവും ഇത്തരത്തിൽ ഹേഗലിന്‍റെ കൊലപാതക ശ്രമത്തിന് ഇരയാണെന്ന് ചൂണ്ടിക്കാട്ടി ഒരു യുവതിയും രംഗത്തു വന്നിട്ടുണ്ട്. ഇയാൾ ജോലി ചെയ്തിരുന്ന ഡെൽമെൻഹോസ്റ്റ് ആശുപത്രിയിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ് പൊലീസ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook