ന്യൂഡൽഹി: മുംബൈയിൽ നിന്നും ലണ്ടനിലേക്കുള്ള യാത്രാ മധ്യേ റഡാർ ബന്ധം നഷ്ടമായ ജെറ്റ് എയർവെയ്സ് വിമാനത്തിന് മിനിറ്റുകൾക്കകം ജർമ്മൻ വ്യോമസേനയുടെ അകന്പടി. 9w 118 ജെറ്റ് വിമാനം റഡാർ ബന്ധം നഷ്ടപ്പെട്ട് തെറ്റായ ദിശയിൽ യാത്ര തുടങ്ങിയപ്പോഴാണ് ആകാശത്ത് അസാധാരണ സംഭവങ്ങൾ നടന്നത്. പിന്നീട് റഡാർ പുന:സ്ഥാപിച്ച് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറക്കി.
“ജർമ്മൻ വ്യോമപരിധിയിൽ വച്ച് പ്രാദേശിക വ്യോമ ഗതാഗത നിയന്ത്രണ സംവിധാനത്തിൽ നിന്ന് വിമാനം അകന്നുപോയി. മുൻകരുതലെന്നോണം ജർമ്മൻ വ്യോമസേനയുടെ വിമാനങ്ങൾ ജെറ്റ് എയർവെയ്സിന്റെ സുരക്ഷയ്ക്കായി എത്തി. 330 യാത്രക്കാരും 15 ജീവനക്കാരും ഉണ്ടായിരുന്ന കപ്പൽ സുരക്ഷിതമായി ഹീത്രൂ വിമാനത്താവളത്തിൽ പറന്നിറങ്ങി”യെന്ന് ജെറ്റ് എയർവെയ്സ് അധികൃതർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
രണ്ട് യൂറോഫൈറ്റർ ടൈഫൂൺ വിമാനങ്ങളാണ് വിമാനത്തിന്റെ ബന്ധം നഷ്ടപ്പെട്ട് ഉടൻ തന്നെ പറന്നുയർന്നത്. വിമാനം ഭീകരർ റാഞ്ചിയതാവാമെന്ന സംശയമായിരുന്നു ആദ്യം. എന്നാൽ സൈന്യം പറന്നുയർന്ന് ഉടൻ തന്നെ ജെറ്റ് എയർവെയ്സ് വിമാനവുമായുള്ള ബന്ധം പുന:സ്ഥാപിച്ചു. ബ്രാറ്റ്സിലാവയിൽ നിന്ന് പ്രേഗിലേക്ക് വിമാനത്തിന്റെ നിയന്ത്രണം കൈമാറുന്നതിനിടയിലാണ് വിമാനത്തിന്റെ ബന്ധം നഷ്ടപ്പെട്ടത്. ഇത് 15 മിനിറ്റോളം നീണ്ടു പോയി.
ജെറ്റ് എയർവെയ്സ് വിമാനത്തിന് രണ്ടായിരം അടി മുകളിൽ കൂടി സഞ്ചരിച്ച യൂറേപ്യൻ എയർലൈൻസ് വിമാനത്തിലെ പൈലറ്റ് അഹമ്മദ് ആകാശക്കാഴ്ചകളുടെ ദൃശ്യം പകർത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഈ ദൃശ്യം സ്വന്തം യൂട്യൂബ് പേജിൽ അദ്ദേഹം പോസ്റ്റ് ചെയ്തു. പൈലറ്റ് തെറ്റായ ആവൃത്തി നൽകിയതാണ് ബന്ധം നിലയ്‌ക്കാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈലറ്റിനെതിരെ നടപടിയുണ്ടായേക്കും.