ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ജോര്‍ജ് ഓണക്കൂറിന്. ‘ഹൃദയരാഗങ്ങള്‍’ എന്ന ആത്മകഥയ്ക്കാണ് ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം. കെ പി രാമനുണ്ണി, ഡോ. കെ എസ് രവികുമാര്‍, ഡോ. എം ലീലാവതി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്.
രഘുനാഥ് പലേരിക്കാണ് ബാലസാഹിത്യ പുരസ്കാരം. ‘അവര്‍ മൂവരും ഒരു മഴവില്ലും’ എന്ന നോവലിനാണ് 50,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം. കെ ജി പൗലോസ്, ജി മധുസൂദനന്, പി കെ ഗോപി എന്നിവരടങ്ങുന്ന ജൂറിയാണ് ബാലസാഹിത്യ പുരസ്കാരം നിര്‍ണയിച്ചത്.
യുവ പുരസ്കാരത്തിനു മോബിന് മോഹന്‍ അര്‍ഹനായി. ‘ജക്കരാന്ത’ എന്ന നോവലിനാണ് 50,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം.
നോവലിസ്റ്റ്, സഞ്ചാരസാഹിത്യകാരന്‍, കഥാകാരന്, സാഹിത്യ വിമര്ശകന്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ ജോര്‍ജ് ഓണക്കൂര്‍ നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്കാരം (രണ്ടു തവണ), കേശവദേവ് ജന്മശതാബ്ദി പുരസ്കാരം, തകഴി പുരസ്കാരം, സഹോദരന് അയ്യപ്പന് പുരസ്കാരം, മദര്‍ തെരേസ പുരസ്കാരം, കേരളശ്രീ പുരസ്കാരം, ദര്‍ശന പുരസ്കാരം, കെ സി ബി സി പുരസ്കാരം, ഇന്ത്യന്‍ എഴുത്തുകാരനുള്ള യുറോഅമേരിക്കന്‍ പ്രഥമ പ്രവാസി പുരസ്കാരം തുടങ്ങിയവ അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
അകലെ ആകാശം, ഉൾക്കടൽ, ഇല്ലം, ഉഴവുചാലുകൾ, എഴുതാപ്പുറങ്ങൾ, കാമന, കൽത്താമാര, സമതലങ്ങൾക്കപ്പുറം, ഹൃദയത്തിൽ ഒരു വാൾ (നോവൽ), നായക സങ്കല്പം മലയാള നോവലിൽ (ഗവേഷണം), ഞാൻ ഒരു കൈയൊപ്പ് മാത്രം, നാലു പൂച്ചക്കുട്ടികൾ, നാട് നീങ്ങുന്ന നേരം, പ്രണയകഥകൾ (ചെറുകഥ), എന്റെ സഞ്ചാരകഥകൾ, അടരുന്ന ആകാശം, ഒലിവുമരങ്ങളുടെ നാട്ടിൽ (യാത്രാവിവരണം) തുടങ്ങിയവയാണ് പ്രധാന കൃതികൾ.
മൂവാറ്റുപുഴയ്ക്കടുത്ത് ഓണക്കൂറില്‍ 1941 നവംബര്‍ 16നാണു ജനനം. സംസ്ഥാന സര്‍വ വിഞ്ജാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ പ്രഥമ അനൗദ്യോഗിക ചെയര്മാന് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്‍പ്പിയാണ്.
Also Read: ഡൽഹിയിൽ ഒമിക്രോൺ ക്രമേണ പടരുന്നതായി ആരോഗ്യമന്ത്രി; രാജ്യത്തെ കേസുകൾ ആയിരത്തിലേക്ക്