/indian-express-malayalam/media/media_files/uploads/2019/01/ch20993_ie-archive.jpg)
Samta Party leader George Fernandes and Jaya Jaitlie coming out after meeting with President S.D. Sharma regarding Bihar election. Express photo by Ravi Batra
ന്യൂഡൽഹി: അടിയന്തരാവസ്ഥയോടുള്ള ചെറുത്തുനില്‍പ്പിന്റെ പ്രതീകമായ ജോര്‍ജ് ഫെര്‍ണാണ്ടസ് രാജ്യത്തെ എക്കാലത്തെയും ശക്തരായ ട്രേഡ് യുണിയന്‍ നേതാക്കളില്‍ ഒരാളായിരുന്നു. എക്കാലത്തും ഒരു വിമത ശബ്ദമായി നിലനിന്നിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് മൊറാര്‍ജി ദേശായി സര്‍ക്കാരിന്റെ കാലത്താണ് ആദ്യമായി വ്യവസായ മന്ത്രിയാകുന്നത്. 1977 മുതല്‍ 79 വരെയുള്ള കാലയളവില്‍ അദ്ദേഹം വ്യവസായ മന്ത്രിയായിരുന്നു. പിന്നീട് വി.പി.സിങ് സര്‍ക്കാരിന്റെ കാലത്ത് (1989-90) റെയില്‍വേ മന്ത്രിയായും വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് (1998-2004) പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മംഗലാപുരത്തെ ഒരു കത്തോലിക്ക കുടുംബത്തില്‍ 1930 ജൂണ്‍ 3നായിരുന്നു ജോര്‍ജിന്റെ ജനനം. ബ്രിട്ടീഷ് ചക്രവര്‍ത്തിയായിരുന്ന ജോര്‍ജ് അഞ്ചാമന്റെയും മകന്റെയും ജനന തീയതി ഒന്നായതിനാലാണ് അദ്ദേഹത്തിന്റെ അമ്മ മകന് ജോര്‍ജ് എന്ന് പേര് നല്‍കിയത്. കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു ജോര്‍ജിന്റെ കൗമാരക്കാലം. പതിനെട്ടാം വയസില്‍ ജോര്‍ജ് സെമിനാരിയിലെ ജീവിതം ഉപേക്ഷിച്ച് ജോലി തേടി ബോംബെയിലേക്ക് പോയി. പകല്‍ സമയം ഹോട്ടലിലെ ജീവനക്കാരനായും രാത്രികളില്‍ തെരുവുകളില്‍ കിടന്നുറങ്ങിയും ജോര്‍ജ് തന്റെ ദിവസങ്ങള്‍ തള്ളിനീക്കി.
അക്കാലങ്ങളില്‍ സോഷ്യലിസറ്റ് നേതാവായ റാം മനോഹര്‍ ലോഹ്യയുടെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ജോര്‍ജ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളിലും സജീവമായി ഇടപെട്ടു. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് ചവിട്ടു പടിയായി. 1950കളില്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് ഹോട്ടല്‍ തൊഴിലാളികളുടേയും ടാക്‌സി തൊഴിലാളികളുടേയും അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കി. 1967ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് എസ്.കെ.പാട്ടീലിനെ പരാജയപ്പെടുത്തിയ ജോര്‍ജ് ഒറ്റ രാത്രികൊണ്ട് ഒരു ദേശീയ മുഖമായി മാറി. ഈ വിജയം അദ്ദേഹത്തിന് 'Giant Killer' എന്ന പ്രശസ്തി നേടിക്കൊടുത്തു.
അഖിലേന്ത്യാ റെയില്‍വേമെന്‍ ഫെഡറേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് 1974ല്‍ റെയില്‍വേ തൊഴിലാളികളുടെ രാജ്യവ്യാപകമായ സമരം സംഘടിപ്പിച്ചതില്‍ മുഖ്യ പങ്കുവഹിച്ച ആളാണ്. അദ്ദേഹത്തിന്റെ പൊതു പ്രവര്‍ത്തനത്തിലെ തന്നെ എടുത്തു പറയേണ്ട ഒരു അദ്ധ്യായമാണ് ഇത്. മോശം തൊഴില്‍ സാഹചര്യങ്ങളില്‍ ജോലി ചെയ്ത് നിയന്ത്രണം വിട്ട തൊഴിലാളികളുടെ ഈ സമരം 20 ദിവസത്തോളം നീണ്ടു നിന്നു. രാജ്യത്തെ അക്ഷരാര്‍ത്ഥത്തില്‍ ഇത് സ്തംഭിപ്പിച്ചു.
ഇന്ദിരാഗാന്ധിയെ നിശിതമായി വിമര്‍ശിച്ചിരുന്ന ജോര്‍ജ് 1976ല്‍ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. റെയില്‍വേ പാലങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ച ബറോഡ ഡയനാമിറ്റ് ഗൂഢാലോചനയുടെ ഭാഗമായതിനായിരുന്നു അറസ്റ്റ്. അറസ്റ്റിലായ ജോര്‍ജും അദ്ദേഹത്തിന്റെ സുഹൃത്തും കൈകള്‍ ബന്ധിക്കപ്പെട്ട് പൊലീസുകാര്‍ക്കൊപ്പം നടന്നു നീങ്ങുന്ന ചിത്രം ഏറെ പ്രശസ്തമാണ്.
അടിയന്തരാവസ്ഥക്കാലത്ത് ജയിലിലകപ്പെട്ട ജോര്‍ജിനെ 1977ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും പുറത്തു വിട്ടില്ല. എന്നാല്‍ ജയിലില്‍ കിടന്നു കൊണ്ടു തന്നെ അദ്ദേഹം പോരാടുകയും മുസാഫര്‍പൂര്‍ മണ്ഡലത്തില്‍ നിന്നും ജനതാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി വിജയിക്കുകയും ചെയ്തു.
മൊറാര്‍ജി ദേശായി അദ്ദേഹത്തെ വ്യവസായ മന്ത്രിയായി നിയമിക്കുകയും ചാര്‍ജ് എടുത്ത ഉടന്‍ തന്നെ അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തു. കൊക്കൊകോള, ഐബിഎം എന്നീ വിദേശ കമ്പനികളെ ഇന്ത്യയിൽ നിന്നും പുറത്താക്കിക്കൊണ്ട് അദ്ദേഹം തന്റെ വരവറിയിച്ചു. വി.പി.സിങ് മന്ത്രിസഭയില്‍ ജോര്‍ജ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്താണ് ചരിത്രപ്രസിദ്ധമായ കൊങ്കണ്‍ റെയില്‍വേ ആരംഭിക്കുന്നത്.
എന്നാല്‍ ജനതാ പാര്‍ട്ടി പിളര്‍ന്നതോടെ അദ്ദേഹത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു തുടങ്ങി. തുടക്കത്തില്‍ അദ്ദേഹം മൊറാര്‍ജി ദേശായി സര്‍ക്കാരിനെ പിന്തുണയ്ക്കുകയും എന്നാല്‍ പുറകെ വിമത ക്യാംപിലേക്ക് കൂടുമാറുകയും ചെയ്തു. 1994ല്‍ അദ്ദേഹം സമത പാര്‍ട്ടി സ്ഥാപിച്ചു. പിന്നീട് സമത ബിജെപിയില്‍ ലയിച്ചു.
അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായപ്പോള്‍ ജോര്‍ജ് ഫെര്‍ണാണ്ടസിനെ പ്രതിരോധമന്ത്രിയാക്കി. ഇത് അദ്ദേഹത്തിന്റെ രണ്ടാം ഇന്നിംഗ്‌സ് ആയിരുന്നു. 1998ലെ പൊഖ്‌റാന്‍ ആണവ പരിശോധനയിലും കാര്‍ഗില്‍ യുദ്ധത്തിലും അദ്ദേഹം മേല്‍നോട്ടം വഹിച്ചെങ്കിലും 'ശവപ്പെട്ടി അഴിമതി' അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് വലിയ തിരിച്ചടിയായി. 2004ല്‍ അദ്ദേഹം പ്രതിരോധ മന്ത്രിസ്ഥാനത്തു നിന്നും താഴെയിറങ്ങി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.