മുംബൈ: ലോകത്തിലെ മൂന്നാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്സ് ഇന്ത്യയില്‍ ഷെവര്‍ലെ കാറുകളുടെ വില്‍പ്പന അവസാനിപ്പിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ വില്‍പ്പന നിര്‍ത്താനാണ് ജനറല്‍ മോട്ടോഴ്സിന്റെ തീരുമാനം. ഇന്ത്യയില്‍ നിന്നുള്ള വരുമാനം കുത്തനെ കുറഞ്ഞതിനെ തുടര്‍ന്നാണ് ജിഎമ്മിന്റെ നടപടി.
ലോകത്തെ ഏറ്റവും വലിയ കാര്‍ വിപണികളില്‍ ഒന്നായ ഇന്ത്യയില്‍ രണ്ടു പതിറ്റാണ്ടിലേറെ നീണ്ട പ്രവർത്തനത്തിന് ശേഷമാണ് ജിഎം പിന്‍വാങ്ങുന്നത്. നിലവില്‍ ഒരു ശതമാനത്തില്‍ താഴെയാണ് ജിഎമ്മിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സ്ഥാനം.
അടുത്ത വര്‍ഷം മുതല്‍ ജിഎമ്മിന്റെ പുതിയ ഷെവര്‍ലെ വാഹനങ്ങള്‍ നിരത്തിലിറങ്ങില്ലെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. ജിഎമ്മിന്റെ ഷെവര്‍ലെ ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന വാഹനങ്ങളുടെ നിലവിലെ ഇന്ത്യയിലെ പ്രതിമാസ വില്‍പ്പന 150ല്‍ താഴെയാണ്. 1995ല്‍ ഇന്ത്യയില്‍ എത്തിയ ഷെവര്‍ലെ ബീറ്റ്, സ്പാര്‍ക്ക്, ടവേറ, എന്ജോയ് എന്നീ വാഹനങ്ങളിലൂടെയാണ് ശ്രദ്ധേയമാകുന്നത്.
വില്‍പ്പന നിര്ത്തുന്നുവെങ്കിലും ഇന്ത്യന്‍ വിപണിയില്‍ നിന്ന് പൂര്‍ണ്ണമായും ജി.എം പിന്മാറില്ല. ബംഗലൂരുവിലെ ടെക്നിക്കല്‍ യൂണിറ്റ് കമ്പനി നിലനിര്‍ത്തും. നിര്‍മ്മാണ മേഖലയില്‍ ശ്രദ്ധയൂന്നുന്നതിനായി മുംബൈയിലെ ടെലഗോണിലും ഗുജറാത്തിലെ ഹലോലും പ്ലാന്റുകള്‍ ഉണ്ടായിരിക്കും. ഇവിടെ നിന്ന് വാഹന പാര്‍ട്സുകളുടെ കയറ്റുമതി മാത്രമായിരിക്കും നടത്തുക.
പുതിയ വാഹനങ്ങള്‍ ഇറക്കില്ലെങ്കിലും നിലവില്‍ നിരത്തിലുള്ള വാഹനങ്ങള്‍ക്ക് തുടര്‍ന്നും സര്‍വീസ് ലഭ്യമാക്കുമെന്നും ജനറല്‍ മോട്ടോഴ്സ് അറിയിച്ചു.