ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ സംയുക്ത സേനാ മേധാവിയെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. എന്നാല്‍ നടപടിക്രമങ്ങള്‍ക്ക് എത്ര കാലതാമസം നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ഡിസംബർ എട്ടിന് ഹെലികോപ്റ്റർ അപകടത്തിൽ രാജ്യത്തെ ആദ്യ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തെത്തുടർന്ന് കരസേനാ മേധാവി ജനറൽ എം.എം.നരവനെ ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ (സിഒഎസ്സി) ചെയർമാനായി ചുമതലകള്‍ വഹിക്കുകയാണ്. കര, നാവിക, വ്യോമ സേനാ മേധാവികൾ ഉൾപ്പെടുന്ന സമിതിയാണ് സൈനിക വിഷയങ്ങൾ തീരുമാനിക്കുന്ന പ്രധാന സമിതി.
ജനറൽ റാവത്തിന്റെ മരണം അപ്രതീക്ഷിതമായ സാഹചര്യം സൃഷ്ടിച്ചതോടെയാണ് സീനിയോറിറ്റി അനുസരിച്ച് സമിതിയുടെ ചെയർമാൻ സ്ഥാനം ജനറൽ നരവനെയിലേക്ക് എത്തിയത്. ഇന്ത്യയ്ക്ക് സാതന്ത്ര്യം ലഭിച്ചപ്പോള്‍ മുതല്‍ സീനിയോറിറ്റി അനുസരിച്ചാണ് സ്ഥാനമാനങ്ങള്‍ ലഭിക്കുന്നത്. വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കമ്മിറ്റിയുടെ ചെയര്‍മാനായി നിയമിച്ചതാകാമെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
സംയുക്ത സേനാ മേധാവിയെ നിയമിക്കുന്നതുവരെ ജനറൽ നരവനെയ്ക്കാണ് ചുമതല. ഇന്ത്യന്‍ എയര്‍ ഫോഴ്സ് (ഐഎഎഫ്) മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരിയും നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാറും അടുത്ത വർഷം ഏപ്രിലിൽ വിരമിക്കാനിരിക്കുന്ന ജനറൽ നരവനെയേക്കാൾ രണ്ട് വർഷം ജൂനിയറാണ്.
സിഡിഎസ് റാങ്കില്‍ നിയമിതനാകുകയാണെങ്കില്‍ നരവനെയ്ക്ക് സര്‍വീസ് കാലാവധി മൂന്ന് വര്‍ഷം കൂടി ലഭിക്കും. ലെഫ്റ്റനന്റ് ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥർ 60-ാം വയസില്‍ വിരമിക്കുമ്പോൾ, ജനറൽ റാങ്കിലുള്ള ഓഫീസർമാരോ സർവീസ് മേധാവികളോ 62-ാം വയസിലാണ് വിരമിക്കുന്നത്. എന്നാല്‍ സംയുക്ത സേനാ മേധാവിയുടെ വിരമിക്കല്‍ പ്രായം 65 വയസാണ്.
നരവനെയുടെ സീനിയോറിറ്റി സംയുക്ത സേനാ മേധാവിയാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക തീരുമാനങ്ങള്‍ എടുത്തിട്ടില്ല. സംയുക്ത സേനാമേധാവിയായി ചുമതലയേല്‍ക്കുന്നയാള്‍ കരസേനയിൽ നിന്നായിരിക്കണമെന്ന് പ്രതിരോധ മേഖലയിലെ നിരവധി ആളുകൾക്ക് അഭിപ്രായമുണ്ട്.
ജനറല്‍ റാവത്തിനോടൊപ്പം പ്രവര്‍ത്തിച്ചതിനാലും ആദ്ദേഹത്തില്‍ നിന്ന് കരസേനാ മേധാവി സ്ഥാനം ഏറ്റെടുത്തതിനാലും ജനറല്‍ നരവനെ തന്നെയായിരിക്കും അടുത്ത സംയുക്ത സേനാ മേധാവിയെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ അദ്ദേഹത്തിന്റെ നിയമനം സൈന്യത്തിനുള്ളിലെ പിന്തുടർച്ചാവകാശത്തെ ബാധിച്ചേക്കാം. ജനറൽ റാവത്ത് 2022 ലായിരുന്നു വിരമിക്കേണ്ടിയിരുന്നത്, അപ്പോഴേക്കും ജനറൽ നരവാനെ സ്ഥാനമൊഴിയുമായിരുന്നു.
വിരമിക്കുന്നതിന് മുമ്പ് ജനറൽ നരവാനെ സിഡിഎസ് പദിവിയിലെത്തിയാല്‍ നിലവിലെ വൈസ് ചീഫ് ലഫ്റ്റനന്റ് ജനറൽ സി.പി.മൊഹന്തി ഏറ്റവും മുതിർന്ന കരസേനാ ഉദ്യോഗസ്ഥനാക്കും. നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ വൈ.കെ.ജോഷിയാണ് ലെഫ്റ്റനന്റ് ജനറൽ മൊഹന്തിക്ക് ശേഷം സീനിയോറിറ്റിയിൽ അടുത്തത്.
ഇവരിൽ ഒരാളെ അടുത്ത കരസേനാ മേധാവിയായി നിയമിച്ചില്ലെങ്കിൽ ജനുവരി അവസാനത്തോടെ മൊഹന്തിയും ജോഷിയും വിരമിക്കും. ഏപ്രിൽ വരെ ജനറൽ നരവാനെ കരസേനാ മേധാവിയായി സേവനമനുഷ്ഠിക്കുകയാണെങ്കിൽ, ഈസ്റ്റേൺ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ ഏറ്റവും മുതിർന്ന സൈനിക ഉദ്യോഗസ്ഥനാകും.
Also Read: മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങളെല്ലാം ഇനി ഓണ്‍ലൈന്‍ വഴി