മുംബൈ: 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ പുണെ ലോക്സഭാ മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന വാർത്ത തളളി ബോളിവുഡ് താരം മാധുരി ദീക്ഷിത്. താരസുന്ദരിയെ പൂണെയിൽ നിന്ന് ലോക്‌സഭയിലെത്തിക്കാൻ ബിജെപി ആലോചിക്കുന്നതായി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് താരത്തിന്റെ മാധ്യമ വക്താവ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ പിടിഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്. ജൂണ്‍ മാസം മാധുരിയെ മുംബൈയിലെ വീട്ടിലെത്തി പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ കണ്ടിരുന്നു. ‘സംബര്‍ക്ക് ഫോര്‍ സമര്‍തന്‍’ എന്ന പിന്തുണ നേടിയുളള ക്യാംപെയിനിന്റെ ഭാഗമായാണ് അമിത് ഷാ മാധുരിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ നേട്ടങ്ങളും അദ്ദേഹം ബോളിവുഡ് താരത്തോട് വിവരിച്ചു.
പുണെ ലോക്സഭാ സീറ്റിലേക്കുളള ചുരുക്കപ്പട്ടികയില്‍ മാധുരിയുടെ പേര് ഉള്‍പ്പെടുത്തിയതായി പുണെയില്‍ നിന്നുളള മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു. ‘പാര്‍ട്ടി വളരെ കാര്യമായിട്ടാണ് മാധുരിയെ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് പരിഗണിക്കുന്നത്. പുണെ ലോക്സഭാ സീറ്റ് അവരുടെ കൈയ്യില്‍ ഭദ്രമായിരിക്കും,’ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ബിജെപി നേതാവ് പറഞ്ഞു.
ദില്‍ തോ പാഗല്‍ ഹേ, സാജന്‍, ദേവദാസ് തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ച മാധുരിക്ക് 51 വയസാണ്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് 3 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ബിജെപി സ്വന്തമാക്കിയത്. അനില്‍ ഷിരോളായിരുന്നു അന്ന് വിജയിച്ചത്.
മാധുരിയെ ഇവിടെ മത്സരിപ്പിച്ചാല്‍ വിജയം കാണാനാവുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഗുജറാത്തില്‍ മോദി മുഖ്യമന്ത്രി പദത്തിലേക്ക് വന്നത് ഇത്തരത്തിലൊരു തന്ത്രം കൊണ്ടാണെന്നും സ്ഥാനാര്‍ത്ഥികളെ മാറ്റുന്നത് ഗുണം ചെയ്യുമെന്നുമാണ് പാര്‍ട്ടിയുടെ വിശ്വാസം.