ന്യൂഡല്‍ഹി: മേല്‍ജാതിക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുളള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിച്ചേക്കും. സംവരണം കൊണ്ടുവരാനുള്ള ഭേദഗതിക്ക് മന്ത്രിസഭ ഇന്നലെ അംഗീകാരം നല്‍കിയിരുന്നു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഉന്നത ജാതിക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുളള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു. വാര്‍ഷിക വരുമാനം 8 ലക്ഷത്തില്‍ താഴെയുളള മേല്‍ജാതിക്കാര്‍ക്ക് ജോലികളിലും വിദ്യാഭ്യാസത്തിനും സംവരണം ഏര്‍പ്പെടുത്തും. പാ‌ർലമെന്റ് തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കവെയാണ് കേന്ദ്രം സുപ്രധാനമായ തീരുമാനമെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. കേന്ദ്ര മന്ത്രിസഭാ തീരുമാനത്തെ കോണ്‍ഗ്രസ് പിന്തുണച്ചിട്ടുണ്ട്. സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഇത്തരം അനസരങ്ങള്‍ നല്‍കുന്നതിനെ പിന്തുണയ്ക്കുന്നെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. 4 വര്‍ഷവും 8 മാസവും കഴിഞ്ഞപ്പോഴാണോ ബിജെപിക്ക് ഉറക്കം തെളിഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പിന് വെറും 100 ദിവസം മാത്രം ബാക്കി നില്‍ക്കെ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി കൂടി കണക്കിലെടുത്താണ് ഈ തീരുമാനമെന്നും സുര്‍ജേവാല വ്യക്തമാക്കി. ബിജെപിയുടെ ഉദ്ദേശം എന്താണെന്ന് സംശയിക്കേണ്ടതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു,

സാമ്പത്തിക സംവരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുന്നാക്ക വിഭാഗങ്ങൾ നേരത്തെ രംഗത്തെത്തിയിരുന്നു. 50 ശതമാനത്തിലധികം സംവരണം നൽകരുതെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. മുന്നാക്ക വോട്ടുബാങ്ക് ലക്ഷ്യമിട്ട് തന്നെയാണ് നരേന്ദ്ര മോദി സർക്കാരിന്‍റെ ഈ നീക്കം. നിലവിൽ ഒബിസി, പട്ടികജാതി-പട്ടികവർ​ഗക്കാർക്ക് സംവരണം നൽകുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ