ന്യൂഡല്‍ഹി: എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ വിവർത്തനം ചെയ്ത ഹിന്ദി നോവൽ, ‘ടോംബ് ഓഫ് സാൻഡ്’ ന് 2022 ലെ ബുക്കർ പ്രൈസ്. ഇന്ത്യൻ ഭാഷയിൽ രചിച്ച് വിവര്‍ത്തനം ചെയ്യപ്പെട്ട ഒരു പുസ്തകത്തിന് ബുക്കര്‍ പുരസ്കാരം ലഭിക്കുന്നത് ഇത് ആദ്യമാണ്. ‘റേത് സമാധി’ എന്ന പേരിൽ ഹിന്ദിയിൽ ആദ്യം പ്രസിദ്ധീകരിച്ച ഈ പുസ്തകം ഡെയ്‌സി റോക്ക്‌വെലാണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.
“ഞാൻ ഒരിക്കലും ബുക്കര്‍ പുരസ്കാരം സ്വപ്നം കണ്ടിരുന്നില്ല, നേടാന്‍ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഈ വലിയ അംഗീകാരത്തില്‍ ഞാന്‍ സന്തോഷവതിയാണ്,” ഗീതാഞ്ജലി ശ്രീ പ്രതികരിച്ചു.
“അവാർഡ് കിട്ടിയതില്‍ സംതൃപ്തിയുണ്ട്. ‘റേത് സമാധി/ടോംബ് ഓഫ് സാന്‍ഡ്’ എന്നത് നമ്മൾ അധിവസിക്കുന്ന ലോകത്തിനെക്കുറിച്ചുള്ള ഒരു കാഴ്ചയാണ്, വരാനിരിക്കുന്ന വിനാശത്തെ അഭിമുഖീകരിക്കാന്‍ പ്രതീക്ഷ നല്‍കുന്ന ഊര്‍ജമാണ്. ബുക്കർ ലഭിച്ചതോടെ ഇത് കൂടുതല്‍ ആളുകളിലേക്ക് എത്തുമെന്നത് ഉറപ്പാണ്,” അവർ കൂട്ടിച്ചേര്‍ത്തു.
ഭർത്താവിന്റെ മരണശേഷം കടുത്ത വിഷാദം അനുഭവിക്കുന്ന 80 വയസ്സുള്ള ഒരു സ്ത്രീയുടെ കഥയാണ് ടോംബ് ഓഫ് സാന്‍ഡ് പറയുന്നത്. ഒടുവിൽ, അവൾ തന്റെ വിഷാദം തരണം ചെയ്യുകയും പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയുമാണ്. വിഭജനകാലത്ത് ഉപേക്ഷിച്ച ഓര്‍മ്മകളെ പുതുക്കുന്നതിനായാണ് യാത്ര.
ഉത്തര്‍ പ്രദേശിലെ മെയിന്‍പുരിയില്‍ ജനിച്ച ഗീതാഞ്ജലി ഡല്‍ഹിയിലാണ് നിലവില്‍. മൂന്ന് നോവലുകളും നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്. ഇതില്‍ പലതും ഇംഗ്ലിഷ്, ഫ്രെഞ്ച്, ജെര്‍മന്‍, സെര്‍ബിയന്‍, കൊറിയന്‍ എന്നീ ഭാഷകളിലേക്ക് വിവരത്തനം ചെയ്തിട്ടുണ്ട്.
Also Read: ഭയത്തിന്റെ 125 വര്‍ഷങ്ങള്‍