ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തികാവസ്ഥ അതീവ ഗുരുതരം. ഇന്ത്യയുടെ ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് (ജിഡിപി) കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ജിഡിപി വളര്‍ച്ചാ നിരക്ക് വെറും അഞ്ച് ശതമാനം മാത്രമാണ്. ഇന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്ഗനൈസേഷന് പുറത്തുവിട്ട കണക്കു പ്രകാരമാണിത്.
GDP at Constant (2011-12) Prices in Q1 of 2019-20 is estimated at 35.85 lakh crore, as against 34.14 lakh crore in Q1 of 2018-19, showing a growth rate of 5.0 % pic.twitter.com/0TBAkuTwKO
— ANI (@ANI) August 30, 2019
കഴിഞ്ഞ പാദത്തിൽ (ജനുവരി – മാർച്ച്) 5.8 ശതമാനമായിരുന്നു വളർച്ച. 2013 മാർച്ചിൽ അവസാനിച്ച പാദത്തിൽ രേഖപ്പെടുത്തിയതായിരുന്നു ഇതിനു മുൻപത്തെ ഏറ്റവും ചെറിയ വളർച്ചാ തോത്. അന്ന് 4.3 ശതമാനമാണ് വളർച്ചാ നിരക്ക് രേഖപ്പെടുത്തിയത്.
ജിഡിപി നിരക്കിൽ വലിയ കുറവ് രേഖപ്പെടുത്തുമെന്ന് നേരത്തെ തന്നെ സാമ്പത്തിക വിദഗ്ധർ പറഞ്ഞിരുന്നു. കഴിഞ്ഞ പാദത്തിൽ 5.8 ശതമാനം ആണെങ്കിൽ ഇത്തവണ അത് 5.7, 5.6 ശതമാനത്തിലേക്ക് താഴും എന്നായിരുന്നു മിക്ക സർവേകളിലും പറഞ്ഞിരുന്നത്. എന്നാൽ, അതിനെയൊക്കെ കടത്തിവെട്ടിയിരിക്കുകയാണ് യാഥാർഥ്യം. വളർച്ചാ നിരക്ക് വെറും അഞ്ച് ശതമാനമായി താഴ്ന്നത് സാമ്പത്തിക മാന്ദ്യത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന സൂചനകൾ നൽകുന്നതാണ്.
Read Also: 10 പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കും; നിര്‍ണായക പ്രഖ്യാപനവുമായി ധനമന്ത്രി
അതേസമയം, സാമ്പത്തിക രംഗത്ത് മാറ്റങ്ങൾ സൃഷ്ടിക്കാമെന്ന അവകാശവാദത്തോടെ കേന്ദ്ര സർക്കാർ പൊതുബാങ്കുകളെ ലയിപ്പിക്കാൻ ഒരുങ്ങുകയാണ്. കനത്ത പ്രതിഷേധങ്ങൾക്കിടയിലാണ് ബാങ്ക് ലയനവുമായി സർക്കാർ മുന്നോട്ടുപോകുന്നത്. കടബാധ്യതയുള്ള പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാന്‍ തീരുമാനിച്ചതായി ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് അറിയിച്ചു. ഇതോടെ രാജ്യത്തെ പത്ത് പ്രധാന പൊതുമേഖലാ ബാങ്കുകളാണ് ലയിപ്പിക്കുക. സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ചയാകുമ്പോഴാണ് നിര്‍ണായക നീക്കവുമായി കേന്ദ്രം രംഗത്തെത്തിയത്.
പത്ത് പൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കിയാണ് ലയിപ്പിക്കുന്നത്. ഇതോടെ 2017 ല്‍ രാജ്യത്ത് 27 പൊതുമേഖല ബാങ്കുകളുണ്ടായിരുന്നെങ്കില്‍ ഇനി മുതല്‍ അത് 12 ആയി കുറയും. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ ലയിപ്പിക്കും. 17.95 ലക്ഷമായിരിക്കും ഇതിന്റെ വരുമാനം. ഇത് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായി മാറും.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook