ഗാസ: ഗാസയിൽ പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ച് തുടങ്ങി. ഞായറാഴ്ചയും അടുത്ത ദിവസവും നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി. നാല് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലപാതകമാണ് കഴിഞ്ഞ ദിവസം ഗാസയില്‍ നടന്നത്. സംഭവത്തിൽ 400ലേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉണ്ടായിരുന്നതിനേക്കാൾ പ്രതിഷേധക്കാരുടെ എണ്ണത്തിലും വൻ കുറവുണ്ടെന്നാണ് വിവരം.
ഇസ്രയേല്‍ രൂപീകരണത്തിന്റെ 70-ാം വാര്‍ഷികവേളയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. 1948 മേയ് 14നായിരുന്നു ഇസ്രയേല്‍ രൂപീകരണം. ആയിരക്കണക്കിന് പലസ്തീനികളുടെ പലായനവും ഇതേതുടര്‍ന്ന് ഉണ്ടായിരുന്നു. നക്ബ (മഹാദുരന്തം) എന്നാണ് പലസ്തീന് സംഭവത്തെ വിശേഷിപ്പിക്കുന്നത്.
തിങ്കളാഴ്ചയുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാരവുമായി ബന്ധപ്പെട്ട് ഗാസയില്‍ ഇന്ന് വലിയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടേക്കുമെന്ന് സൂചനയുണ്ടായിരുന്നു. 2,700 ഓളം പേര്‍ക്ക് ഇന്നലത്തെ സംഘര്‍ഷത്തില്‍ പരുക്കേറ്റതായും പലസ്തീന് പറയുന്നു. 2014ലെ യുദ്ധം മുതല്‍ ഗാസയില്‍ ഏറ്റവുമധികം പേര് കൊല്ലപ്പെട്ട സംഭവവുമായിരുന്നു ഇന്നലത്തേത്.
അതേസമയം, ഗാസയിലെ ഇസ്ലാമിസ്റ്റ് ശക്തിയായ ഹമാസിനെതിരെ സൈന്യം സ്വരക്ഷാ പ്രയോഗിക്കുക മാത്രമാണ് ചെയ്തതെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നു. ഇസ്രായേലിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടു നടക്കുന്ന ശക്തികളാണ് ഹമാസ് എന്നും നെതന്യാഹു കുറ്റപ്പെടുത്തി.
ഇന്നലെ നടന്ന കൂട്ടക്കൊലയില്‍ പലസ്തീന് നേതാക്കള്‍ അപലപിച്ചു. മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനമെന്നാണ് യുഎന്‍ വക്താവും പ്രതികരിച്ചത്.
ജറുസലേമില്‍ അമേരിക്ക എംബസി തുറന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രതിഷേധമാണ് പുതിയ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. പലസ്തീന് തലസ്ഥാനമായ ടെല്‍ അവീവില്‍ നിന്നും എംബസി ആസ്ഥാനം ജറുസലേമിലേക്ക് മാറ്റിയ യുഎസ് നടപടി വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കാന്‍ തയ്യാറാകാത്ത അമേരിക്ക, കിഴക്കന്‍ ജറുസലേമിനെ ആസ്ഥാനമായി തിരഞ്ഞെടുത്തതില്‍ രാജ്യാന്തര തലത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.