ന്യൂഡൽഹി: ഉത്തർപ്രദേശ് മന്ത്രി ഗായത്രി പ്രസാദ് പ്രജാപതിക്കെതിരായ ലൈംഗിക പീഡന കേസിൽ ബിജെപിക്ക് സുപ്രീം കോടതിയുടെ പരോക്ഷ വിമർശനം. കേസിൽ ഗായത്രി പ്രജാപതിയ്‌ക്കെതിരെ എഫ്.ഐ.ആ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഈ കേസിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമങ്ങൾ ദൗർഭാഗ്യകരമാണെന്ന് കോടതി നിരീക്ഷിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനെതിരെ മന്ത്രി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഈ ഹർജി കോടതി തള്ളി.

ലൈംഗിക പീഡന കേസിൽ ആരരോപണ വിധേയനായ മന്ത്രിയെ തത്സ്ഥാനത്ത് നിന്ന് നീക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവിനോട് ഗവർണർ ചോദിച്ചിരുന്നു. വിഷയം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ ആയുധമാക്കി ബിജെപി മുന്നോട്ട് വന്നിരുന്നു. ആദ്യാവസാനം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ  ഈ വിഷയം സമാജ്‌വാദി പാർട്ടിക്കും കോൺഗ്രസ്സിനും എതിരായി ബിജെപി നേതാക്കൾ ഉയർത്തിക്കാട്ടി.

സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ എത്തിയാലുടൻ പ്രജാപതിയെ പിടികൂടി ജയിലിൽ അടയക്കുമെന്ന് പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ അംബേദ്കർ നഗറിൽ നടന്ന പ്രസസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു. “മാർച്ച് 11 ന് അധികാരത്തിലെത്തിയാലുടൻ നരകത്തിൽ നിന്നാണെങ്കിലും പ്രജാപതി യെ പിടികൂടി ജയിലിൽ അടയ്ക്കു”മെന്നാണ് അമിത് ഷാ പറഞ്ഞത്. ഇതിന് തൊട്ട് മുൻപ് തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ച മോദി സമാജ്‌വാദി പാർട്ടിയും കോൺഗ്രസും “ഗായത്രി പ്രജാപതി മന്ത്രം” ജപിക്കുകയാണെന്ന് പരിഹസിച്ചിരുന്നു.

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് ഗതാഗത വകുപ്പ് മന്ത്രിയുമാണ് ഗായത്രി പ്രസാദ് പ്രജാപതി. ഇദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ ഇയാളും കൂട്ടാളികളും ചേർന്ന് 2016 ജൂലൈയിൽ ദിവസങ്ങളോളം സംഘം ചേർന്ന് പീഡിപ്പിച്ചെന്നാണ് ഒരു സ്ത്രീ പരാതിപ്പെട്ടത്. ഇവരുടെ പ്രായപൂർത്തിയാകാത്ത മകളെയും മന്ത്രിയും സംഘവും പീഡിപ്പിച്ചെന്ന് പരാതിയിലുണ്ട്. ഉത്തർപ്രദേശ് സർക്കാർ അന്വേഷണത്തിന് തടസ്സം നിൽക്കുകയാണെന്നും പൊലീസ് കേസെടുക്കുന്നില്ലെന്നും പരാതിപ്പെട്ടാണ് സ്ത്രീ സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ എഫ്ഐആർ എടുക്കാൻ പൊലീസിന് കോടതി നിർദ്ദേശം നൽകി. ഇതേ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തെങ്കിലും മന്ത്രിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായില്ല. മന്ത്രി ഒളിവിൽ പോയതായാണ് റിപ്പോർട്ടുകൾ.

 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook