ചെന്നൈ: നടനും മുന്‍ ജീവിത പങ്കാളിയുമായ കമല്‍ഹാസനെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമല്ലെന്നും, തന്റെ പക്കല്‍ തെളിവുണ്ടെന്നും നടി ഗൗതമി. കമല്‍ഹാസന്‍ സ്ഥാപിച്ചതും അദ്ദേഹം നേതൃത്വം നല്‍കുന്നതുമായ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിനെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളാണ് ഗൗതമി കഴിഞ്ഞദിവസം എഴുതിയ ബ്ലോഗില്‍ ഉന്നയിച്ചിരുന്നത്.

എന്നാല്‍ ഇതിനോടുള്ള ആളുകളുടെ പ്രതികരണം തന്നില്‍ അത്ഭുതവും ആശങ്കയും നിറച്ചുവെന്ന് പുതിയതായി എഴുതിയ ബ്ലോഗില്‍ ഗൗതമി പറയുന്നു. ‘പ്രൂഫ് ആന്‍ഡ് ജഡ്ജ്‌മെന്റ്‌സ്’ എന്ന പേരിലാണ് പുതിയ ബ്ലോഗ് എഴുതിയിരിക്കുന്നത്.

‘വിട്ടുപോരാനുള്ള എന്റെ തീരുമാനത്തിന് പുറകില്‍ പുനഃപരിശോധന വേണ്ടാത്ത ശക്തമായ കാരണങ്ങളുണ്ടായിരുന്നു. തനിച്ച് മകളെ വളര്‍ത്തുന്ന ഒരമ്മ എന്ന നിലയിലും ജീവിതം ഒന്നില്‍ നിന്നും തുടങ്ങി സുരക്ഷിതമാക്കാന്‍ പാടുപെടുന്ന ഒരു സ്ത്രീയെന്ന നിലയിലും എനിക്കെന്റെ സമാധാനം വളരെ വലുതാണ്. നല്ല കാര്യങ്ങള്‍ക്കു വേണ്ടി മാത്രമേ ഊര്‍ജം ചെലവാക്കാന്‍ കഴിയൂ. നല്ലതും, സത്യസന്ധവും, സന്തോഷകരവുമായ ഒരുപാട് കാര്യങ്ങളുണ്ട് ജീവിതത്തില്‍. നല്ലവരും കരുണയുള്ളവരുമായ ആളുകളുണ്ട് ഈ ലോകത്ത്. അത്തരക്കാരെയാണ് ഞാന്‍ ജീവിതത്തിൽ പ്രതീക്ഷിക്കുന്നത്,’ ഗൗതമി എഴുതി.

Read More: കമൽഹാസനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ജീവിതപങ്കാളി ഗൗതമി

ശനിയാഴ്ച എഴുതിയ ബ്ലോഗില്‍ കമല്‍ഹാസനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഗൗതമി ഉന്നയിച്ചിരുന്നത്. കമല്‍ഹാസനുമായി ഒരുമിച്ച് ജീവിച്ചിരുന്ന കാലത്ത് പുറത്തിറങ്ങിയ വിശ്വരൂപം, ദശാവതാരം തുടങ്ങിയ ചിത്രങ്ങളിലെ പ്രതിഫലം ലഭിക്കാനുണ്ടെന്ന് ഗൗതമി പറഞ്ഞു. ’13 വര്‍ഷത്തെ ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിനിടയില്‍ കോസ്റ്റ്യൂം ഡിസൈനറായി ഞാന്‍ പ്രവര്‍ത്തിച്ചത് രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെയും കമല്‍ഹാസന്‍ മറ്റ് നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി അഭിനയിച്ച ചിത്രങ്ങള്‍ക്ക് വേണ്ടിയും മാത്രമാണ്. ഇതാണ് എന്റെ പ്രാഥമിക വരുമാന സ്രോതസ്. മറ്റുളളവരുടെ ചിത്രങ്ങളില്‍ കോസ്റ്റ്യൂം രൂപകല്‍പ്പന ചെയ്യുന്നതും അഭിനയിക്കുന്നതും ഈ കാലഘട്ടത്തില്‍ നിരുത്സാഹപ്പെടുത്തി. ഇതിന് പുറമേ 2016 ഒക്ടോബറിന് ശേഷവും വിശ്വരൂപം, ദശാവതാരം ചിത്രങ്ങളിലെ പ്രതിഫലം എനിക്ക് നല്‍കിയില്ലെന്ന് പറയാന്‍ വളരെ ദുഃഖമുണ്ട്”, ഗൗതമി, കമല്‍ഹാസനെതിരെ ഒളിയമ്പെയ്തു.

പല തവണ പ്രതിഫലത്തിന് വേണ്ടി രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിനെ സമീപിച്ചെങ്കിലും ഒന്നും ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു. ”എനിക്കിത് പറയാന്‍ വളരെയധികം മനോവിഷമം ഉണ്ട്. എങ്കിലും പറയാതിരിക്കാന്‍ സാധിക്കില്ല. വേതന ഇനത്തില്‍ എനിക്ക് ലഭിക്കേണ്ട പണത്തിന്റെ നല്ലൊരു ഭാഗം രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ഇനിയും നല്‍കാനുണ്ട്”, ഗൗതമി കുറ്റപ്പെടുത്തി.

എന്നാല്‍ കമലിനെതിരായ ഈ ആരോപണങ്ങളുടെ പേരില്‍ താന്‍ നേരിടേണ്ടി വന്ന വിമര്‍ശനങ്ങള്‍ക്കു മറുപടിയാണ് പുതിയ ബ്ലോഗില്‍.

‘ഇത്രയും പെട്ടെന്ന് എനിക്കെതിരെ വിധിയെഴുതിയവരോട് ഇത്രയേ പറയാനുള്ളൂ, കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളായി നിങ്ങള്‍ക്കെന്നെ അറിയാം. ഒരാള്‍ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിക്കുന്ന ആളല്ല ഞാന്‍. ആരെയെങ്കിലും കുറിച്ച് ഞാന്‍ എന്തെങ്കിലും പറയുമ്പോള്‍ അതിന് വ്യക്തമായ കാരണവും, തെളിവും കൈയ്യിലുണ്ടാകും,’ ഗൗതമി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook