മുംബൈ: ഭീമ കൊറേഗാവ് കേസ് പ്രതി ഗൗതം നവ്ലാഖയെ സുപ്രീം കോടതി വിധിയെത്തുടര്‍ന്നു വീട്ടുതടങ്കലിലേക്കു മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. മുംബൈ തലോജ സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തുവിട്ട അദ്ദേഹത്തെ വീട്ടുതടങ്കലിലേക്കു മാറ്റും. സി പി എമ്മിന്റെ ഉടമസ്ഥതയിലുള്ള നവി മുംബൈയിലെ കമ്യൂണിറ്റി ഹാളിലാണു യു എ പി എ പ്രകാരമുള്ള കുറ്റങ്ങള്‍ നേരിടുന്ന നവ്ലാഖയെ തടങ്കലില്‍ പാര്‍പ്പിക്കുക.
എഴുപത്തി മൂന്നുകാരനായ ഗൗതം നവ്ലാഖയെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണു വീട്ടുതടങ്കലിലേക്കു മാറ്റുന്നത്.
വീട്ടുതടങ്കലിന് അനുമതി നല്‍കിക്കൊണ്ടുള്ള പത്താം തീയതിലെ വിധി റദ്ദാക്കണമെന്ന എന്‍ ഐ എയുടെ അപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച തള്ളിയിരുന്നു. മാത്രമല്ല, ഉത്തരവ് 24 മണിക്കൂറിനുള്ളില്‍ നടപ്പാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണു ഗൗതം നവ്ലാഖയെ വീട്ടുതടങ്കലിലേക്കു മാറ്റാനുള്ള നടപടി ആരംഭിച്ചത്.
എന്‍ ഐ എ കേസുകള്‍ പരിഗണിക്കുന്ന മുംബൈയിലെ പ്രത്യേക കോടതി നവ്ലാഖയുടെ ഒരു മാസത്തെ വീട്ടുതടങ്കല്‍ സുഗമമാക്കാന്‍ റിലീസ് മെമ്മോ പുറപ്പെടുവിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മോചന നടപടികള്‍ പൂര്‍ത്തിയാക്കിയതു സംബന്ധിച്ച റിപ്പോര്‍ട്ട് എന്‍ ഐ എ സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണു കോടതി റിലീസ് മെമ്മോ നല്‍കിയത്.
ആരോഗ്യനില മോശമായതെു ചൂണ്ടിക്കാട്ടിയാണു വീട്ടുതടങ്കലിന് അനുമതി തേടി ഗൗതം നവ്ലാഖയെ സുപ്രീം കോടതിയെ സമീപിച്ചത്. ഇത് അംഗീകരിച്ച കോടതി വീട്ടുതടങ്കലിനു ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരുന്നു. സി സി ടിവി നിരീക്ഷണം ഏര്‍പ്പെടുത്തണം, ഫോണ്‍ ഉപയോഗം പൊലീസ് സാന്നിധ്യത്തില്‍ മാത്രമേ പാടുള്ളൂ, ഇന്റര്‍നെറ്റ് ഉപയോഗം പാടില്ല തുടങ്ങിയവയാണു കോടതി ഏര്‍പ്പെടുത്തിയ നിബന്ധനകളില്‍ പ്രധാനം.
സഹോദരി മൃദുല കോത്താരിക്കൊപ്പം മുംബൈയില്‍ താമസിക്കാനായിരുന്നു നവ്‌ലാഖ അനുമതി തേടിയത്. എന്നാല്‍, നവ്‌ലാഖ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഒപ്പിട്ട ഡോക്ടര്‍മാരില്‍ ഒരാള്‍ മൃദുലയുടെ ഭര്‍ത്താവും ജസ്ലോക് ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടറുമായ എസ് കോത്താരിയാണെന്ന് ചൂണ്ടിക്കാട്ടി എന്‍ ഐ എ എതിര്‍ത്തു. ഇതേത്തുടര്‍ന്ന് തന്റെ പങ്കാളിയായ സഹ്ബ ഹുസൈനൊപ്പം താമസിക്കാന്‍ നവ്ലാഖയെ കോടതി അനുവദിച്ചു.
തിരഞ്ഞെടുത്ത സ്ഥലത്തെ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വീട്ടുതടങ്കലിനെ എന്‍ ഐ എ എതിര്‍ത്തിരുന്നു. ഈ കെട്ടിടം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേതാണെന്നും ഇത് ഫ്ളാറ്റല്ലെന്നും പബ്ലിക് ലൈബ്രറിയുടെ ഭാഗമാണെന്നും എന്‍ ഐ എക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവും കോടതിയെ അറിയിച്ചു.
ഈ വാദം തള്ളിയ കോടതി ‘ഞങ്ങളുടെ ഉത്തരവിനെ ധിക്കരിക്കാനുള്ള പഴുതുകള്‍ കണ്ടെത്താന്‍ നിങ്ങള്‍ ശ്രമിക്കുകയാണെങ്കില്‍, അത് ഗൗരവമായി കാണും,’ എന്ന് മുന്നറിയിപ്പ് നല്‍കി. സി പി എം രാജ്യത്തെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയാണെന്നു കോടതി പറഞ്ഞു. അതേസമയം, സ്ഥലത്തിന്റെ സുരക്ഷയെക്കുറിച്ച് എന്‍ ഐ എ ചില ആശങ്കകള്‍ ഉന്നയിച്ച തിനാല്‍ മുന്‍ ഉത്തരവില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളില്‍ ചില ‘അധിക സുരക്ഷകള്‍’ ഉള്‍പ്പെടുത്തി.
നവ്‌ലാഖയെ തലോജ ജയിലില്‍നിന്ന് വീട്ടുതടങ്കലിലേക്കു മാറ്റുന്നതിനു സോള്‍വന്‍സി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന വ്യവസ്ഥ ബുധനാഴ്ച സുപ്രീം കോടതി ഒഴിവാക്കിയിരുന്നു.