scorecardresearch
Latest News

ഭീമ കൊറേഗാവ് കേസ്: ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്

കർശന വ്യവസ്ഥകളോടെയാണു ഗൗതം നവ്ലാഖയുടെ വീട്ടുതടങ്കൽ ഹർജി സുപ്രീം കോടതി അനുവദിച്ചത്

ഭീമ കൊറേഗാവ് കേസ്: ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസിൽ പ്രതി ചേർക്കപ്പെട്ട് ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് ഗൗതം നവ്ലാഖയെ വീട്ടുതടങ്കലിലേക്കു മാറ്റാൻ ഉത്തരവിട്ട് സുപ്രീം കോടതി. നവ്ലാഖയുടെ ഹർജി അംഗീകരിച്ച കോടതി, ഒരു മാസം വീട്ടുതടങ്കലില്‍ കഴിയാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

നവ്ലാഖയെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുന്ന സ്ഥലം പരിശോധിച്ച് 48 മണിക്കൂറിനുള്ളില്‍ അദ്ദേഹത്തെ മാറ്റാന്‍ അധികൃതര്‍ക്കു കോടതി നിര്‍ദേശം നല്‍കി. നിലവില്‍ മുംബൈ തലോജ ജയിലിലാണു നവ്ലാഖയെ പാര്‍പ്പിച്ചിരിക്കുന്നത്.

വീട്ടുതടങ്കലില്‍ കഴിയുന്ന സ്ഥലത്ത് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള ചെലവുകള്‍ക്കായി 2.4 ലക്ഷം രൂപ കെട്ടിവയ്ക്കാന്‍ നവ്ലാഖയോട് കോടതി ആവശ്യപ്പെട്ടു. കർശന വ്യവസ്ഥകളോടെയാണു വീട്ടുതടങ്കൽ അനുവദിച്ചത്. പ്രധാന വ്യവസ്ഥകള്‍ ഇവയാണ്:

  • മൊബൈല്‍, ഇന്റര്‍നെറ്റ്, ലാപ്ടോപ്പ്, മറ്റ് ആശയവിനിമയ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കരുത്
  • എന്നാല്‍, ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന മൊബൈല്‍ ഫോണ്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ ദിവസത്തിലൊരിക്കല്‍ 10 മിനുട്ട് ഉപയോഗിക്കാം
  • വീട്ടുതടങ്കലില്‍ കഴിയുന്ന സ്ഥലത്ത് കൂടെ നില്‍ക്കാന്‍ ആരെയെങ്കിലും അനുവദിച്ചാല്‍ അവരുടെ മൊബൈലില്‍ ഇന്റര്‍നെറ്റ് പാടില്ല. അവര്‍ക്ക് കോളുകളും എസ് എം എസും ചെയ്യുന്നതിന് അടിസ്ഥാന ഫോണ്‍ മാത്രമേ ഉപയോഗിക്കാവൂ

ഗൗതം നവ്ലാഖയുടെ പ്രായം കണക്കിലെടുത്ത് വീട്ടുതടങ്കല്‍ അനുവദിക്കുന്നതാണ് ഉചിതമെന്ന് ബെഞ്ച് ഉത്തരവില്‍ പറഞ്ഞു. ഹര്‍ജിക്കാരന്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നത് ശ്രദ്ധയില്‍ പെടുന്നു. സമീപഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയില്ലാത്ത വിചാരണയില്‍ കുറ്റം ചുമത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ചര്‍മ അലര്‍ജിയും ദന്ത പ്രശ്‌നങ്ങളും അനുഭവിക്കുന്നുണ്ടെന്നും അര്‍ബുദം സംശയിക്കുന്നതിനാല്‍ കൊളോനോസ്‌കോപ്പിക്കു വിധേയനാകാന്‍ ആഗ്രഹിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് എഴുപതുകാരനായ ഗൗതം നവ്ലാഖ വീട്ടുതടങ്കലിലേക്കു മാറ്റാന്‍ അനുമതി തേടിയത്.

സ്വകാര്യ ആശുപത്രി നല്‍കിയ നവ്ലാഖയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വാദത്തിനിടെ എന്‍ ഐ എ സംശയം പ്രകടിപ്പിച്ചിരുന്നു. ഒരു ഡോക്ടര്‍ക്ക് പ്രതിയുമായി ബന്ധമുണ്ടെന്നും വാദിച്ചു. വീട്ടുതടങ്കലിനായുള്ള ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് എന്‍ ഐ എ സ്വതന്ത്ര മെഡിക്കല്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.

വീട്ടുതടങ്കലിലേക്കു മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചാല്‍ സുരക്ഷയ്ക്കു നവ്ലാഖ പണം നല്‍കേണ്ടിവരുമെന്ന് എന്‍ ഐ എ വാദിച്ചു. എഴുപതുകാരനായ ഒരാളോട് എന്തിനാണു പണം ആവശ്യപ്പെടുന്നതെന്നു നവ്ലാഖയുടെ അഭിഭാഷകന്‍ ചോദിച്ചു. എന്നാല്‍, വളരെ ചെലവേറിയ ജസ്ലോക് ആശുപത്രിയിലാണു നവ്‌ലാഖ കഴിഞ്ഞതെന്നായിരുന്നു ഇതിനോടുള്ള എന്‍ ഐ എയുടെ പ്രതികരണം.

വീട്ടുതടങ്കലിലേക്കു മാറ്റണമെന്ന നവ്ലാഖയുടെ ഹര്‍ജി കോടതി അനുവദിക്കുകയാണെങ്കില്‍, ഏര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന നിയന്ത്രണങ്ങളെക്കുറിച്ച് അറിയിക്കാന്‍ സുപ്രീം കോടതി ഇന്നലെ എന്‍ ഐ എയോട് നിര്‍ദേശിച്ചിരുന്നു. കശ്മീര്‍ തീവ്രവാദികളുമായും പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ എസ് ഐയുമായും ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് നവ്ലാഖയുടെ അപേക്ഷയെ എന്‍ ഐ എ എതിര്‍ത്തിരുന്നു. വീട്ടുതടങ്കലില്‍ തടയാന്‍ സാധിക്കാത്ത മെയിലുകളും മറ്റും എഴുതാന്‍ നവ്ലഖയ്ക്ക് കഴിയുമെന്നും എന്‍ ഐ വാദിച്ചിരുന്നു.

2017 ഡിസംബര്‍ 31നു പൂണെയില്‍ നടന്ന എല്‍ഗാര്‍ പരിഷത്ത് സമ്മേളനത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് ഗൗതം നവ്ലാഖയെ അറസ്റ്റ് ചെയ്തത്. ഇത് അടുത്ത ദിവസം കൊറേഗാവ്-ഭീമ യുദ്ധസ്മാരകത്തിനു സമീപം അക്രമത്തിനു കാരണമായെന്നാണു പൊലീസിന്റെ ആരോപണം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Gautam navlakha house arrest supreme court nia