ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന്‌റെ ഇടപെടലിനെ തുടര്‍ന്ന്, പാക്കിസ്ഥാനില്‍ നിന്നുള്ള ആറ് വയസുകാരിക്ക് വൈദ്യചികിത്സയ്ക്കായി വിസ അുവദിച്ചു.

ഒമൈമ അലിക്കും മാതാപിതാക്കൾക്കും മെഡിക്കൽ വിസ അനുവദിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ ശ്രീ ഗംഭീറിന് അയച്ച കത്തിൽ അറിയിച്ചു. ഒക്ടോബർ ഒന്നിന്, പാകിസ്ഥാൻ പൗരന്മാർക്ക് മെഡിക്കൽ വിസ നൽകണമെന്ന് ആവശ്യപ്പെട്ട് ഗംഭീർ വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു.

“ഒമൈമ അലിക്കും അവളുടെ മാതാപിതാക്കൾക്കും ഉചിതമായ വിസ നൽകണമെന്ന് ഞാൻ ഇസ്ലാമാബാദിലെ നമ്മുടെ ഹൈക്കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്,” ജയ്‌ശങ്കർ ഗംഭീറിന് അയച്ച കത്തിൽ പറഞ്ഞു.

Read More: ഫെബ്രുവരിയോടെ കര്‍മപദ്ധതി പൂര്‍ത്തിയാക്കണം; പാക്കിസ്ഥാന് എഫ്എടിഎഫിന്റെ മുന്നറിയിപ്പ്

നേരത്തേ നോയിഡയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിക്ക് ഇപ്പോൾ ഒരു ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയ ആവശ്യമായി വന്നിരിക്കുകയാണെന്നും, അതിനാൽ കുട്ടിക്കും മാതാപിതാക്കൾക്കും വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് യൂസഫിൽ നിന്ന് തനിക്ക് ഫോൺ കോൾ ലഭിച്ചതായി ഗംഭീർ പറഞ്ഞു.

“പെൺകുട്ടി നേരത്തേ നോയിഡയിലെ ആശുപത്രിയിൽ ചികിത്സ തേടിയതായും, നിലവിൽ അവർക്ക് ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയ ആവശ്യമാണെന്നും യൂസഫ് എന്നോട് പറഞ്ഞു. ശസ്ത്രക്രിയ എത്രയും പെട്ടെന്ന് നടത്തേണ്ടതുണ്ട്. അതിനാൽ അവൾക്ക് ഒരു വിസ ആവശ്യമാണ്,” ഗംഭീർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

“എന്റെ അഭ്യർത്ഥന സ്വീകരിച്ച് അദ്ദേഹം വിസ അനുവദിച്ചതിൽ എനിക്ക് വളരെയധികം നന്ദിയുണ്ട്. റോഡ് മാർഗം അവൾ അട്ടാരി അതിർത്തി കടക്കാൻ പോകുകയാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരുമായും ഇന്റർ സർവീസസ് ഇന്റലിജൻസുമായും(ഐ‌എസ്‌ഐ), പാകിസ്ഥാനിലെ തീവ്രവാദ സംഘടനകളുമായും തനിക്ക് പ്രശ്‌നമുണ്ടെന്നും എന്നാൽ അയൽരാജ്യത്തെ പൗരന്മാരോട് വിരോധമില്ലെന്നും ഗംഭീർ പറഞ്ഞു.

“ആറ് വയസുള്ള ഒരു പെൺകുട്ടിക്ക് ഇന്ത്യയിൽ ചികിത്സ നേടാൻ കഴിയുമെങ്കിൽ, ഇതിനെക്കാൾ മികച്ച മറ്റെന്തു കാര്യമാണ് സംഭവിക്കാനുള്ളത്?” ഗംഭീർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook