മുംബൈ: വ്യവസായി ഗൗതം അദാനി നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) അധ്യക്ഷന്‍ ശരദ് പവാറുമായി കൂടികാഴ്ച നടത്തി. വ്യാഴാഴ്ച രാവിലെ ശരദ് പവാറിന്റെ സൗത്ത് മുംബൈയിലെ വസതിയായ സില്‍വര്‍ ഓക്കിലായിരുന്നു കൂടിക്കാഴ്ച.
രാവിലെ 10 മണിയോടെയാണ് അദാനി പവാറിന്റെ വസതിയില്‍ എത്തിയതെന്നാണ് വിവരം. ഇരുവരും തമ്മിലുള്ള കൂടികാഴ്ച രണ്ട് മണിക്കൂറോളം നീണ്ടതായി എന്‍സിപി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ചര്‍ച്ചയില്‍ രാജ്യത്തെയും സംസ്ഥാനത്തെയും വ്യത്യസ്ത വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തിയതായി ഒരു വൃത്തങ്ങള്‍ അറിയിച്ചു.
ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിനെ കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണത്തിന് എതിരാണെന്ന് പവാര്‍ ഈ മാസം ആദ്യം പറഞ്ഞതിനെ തുടര്‍ന്ന് പ്രതിപക്ഷ നിരയില്‍ നിന്ന് വിമര്‍ശനം ഉണ്ടായതിന് പിന്നാലെയാണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേമാണ്.
അദാനി ഗ്രൂപ്പ് ഭൂരിപക്ഷ ഓഹരിയുള്ള എന്‍ഡിടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജെപിസി അന്വേഷണത്തിനുള്ള കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ ശരദ് പവാര്‍ അകന്നുനിന്നിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ഈ വിഷയത്തില്‍ പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അദാനി ഗ്രൂപ്പിനെതിരേ പ്രതിപക്ഷം ആവശ്യപ്പെട്ട സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണത്തെക്കാള്‍ സുപ്രീംകോടതി പാനലിന്റെ അന്വേഷണമാണ് നല്ലതെന്ന് നേരത്തെ ശരത് പവാര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ജെപിസി അന്വേഷണത്തെ എതിര്‍ക്കില്ലെന്നും പവാര്‍ വ്യക്തമാക്കിയിരുന്നു.